'വിശ്രമം ഉമ്മന് ചാണ്ടിയുടെ കൂടപ്പിറപ്പ് അല്ലാലോ': ഡോക്ടർ പറഞ്ഞത്, അനുസ്മരിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: വിശ്രമം ഉമ്മന് ചാണ്ടിയുടെ കൂടപ്പിറപ്പ് ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വേട്ടായാടുമ്പോഴും തളരാതെ തന്നില്‍ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന വാശിയോടെ ജീവിച്ച വ്യക്തിയായിരുന്ന ഉമ്മന്‍ ചാണ്ടി. എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രധാന്യം കൊടുത്ത വ്യക്തിയാണ് അദ്ദേഹമെന്നു മുഖ്യമന്ത്രി പറഞ്ഞു. 'രോഗം അദ്ദേഹത്തെ വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ഒരു ഘട്ടത്തിലും ആ രോഗത്തിന് മുന്നില്‍ തളരാതെ തന്നില്‍ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന വാശിയോടെയായിരുന്നു അദ്ദേഹം ജീവിച്ച് വന്നത്.' തിരുവനന്തപുരത്ത് കെപിസിസിസിയുടെ ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ ഒരിക്കല്‍ ഒരു ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്തെ പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍, അദ്ദേഹം നേരത്തെ കണ്ടതിനേക്കാള്‍ പ്രസരിപ്പും ഉന്മേഷവും വീണ്ടെടുത്തിരുന്നു. കാഴ്ചയില്‍ തന്നെ നല്ല മാറ്റവും ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് 'നല്ല മാറ്റമാണല്ലോ ഉണ്ടായിരിക്കുന്നത്' എന്ന് ഞാന്‍ ഉമ്മന്‍ ചാണ്ടിയോട് സ്വകാര്യമായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചികിത്സിക്കുന്ന ഡോക്ടറെ കുറിച്ചും അദ്ദേഹം നല്ല ചികിത്സയാണ് നല്‍കുന്നതെന്നും പറഞ്ഞു.

അത് കഴിഞ്ഞ് ഞാന്‍ ആ ഡോക്ടറെ വിളിച്ച് അനുമോദനം അറിയിച്ചു. അപ്പോള്‍ ഡോക്ടർ പറഞ്ഞത് ' ഞാന്‍ പറയുന്നതൊന്നും അദ്ദേഹം അംഗീകരിക്കുമോ എന്ന് അറിയില്ല. വിശ്രമിക്കണം എന്ന് പറഞ്ഞിരുന്നു' എന്നായിരുന്നു. പക്ഷെ വിശ്രമം ഉമ്മന് ചാണ്ടിയുടെ കൂടപ്പിറപ്പ് അല്ലാലോ. അപ്പോഴും പാർട്ടിയെ എങ്ങനെയൊക്കെ ശക്തിപ്പെടുത്താം എന്നുള്ളതിനാണ് അദ്ദേഹം പ്രധാനം കൊടുത്തത്. അതികഠിനായ രോഗാവസ്ഥയില്‍ പോലും കേരളത്തിലാകെ എത്തിപ്പെടുന്ന ഉമ്മന്‍ചാണ്ടിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അതായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും പിണറായി പറഞ്ഞു.
വിദ്യാർത്ഥി ജീവിതം മുതല്‍ക്ക് തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള സംഘാടകനായിരുന്നു ഉമ്മന്‍ ചാണ്ടി എന്നുള്ളത് നമുക്ക് അറിയാം. നിശ്ചിത കാലം കഴിയുന്നതിനുള്ളില്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസ് പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി മാറുകയും ചെയ്തു. വളരെ ചെറുപ്പ കാലത്ത് തന്നെ കോണ്‍ഗ്രസിന്റെ അതിപ്രധാനികളില്‍ ഒരാളായി അദ്ദേഹം മാറി. ഉമ്മന്‍ ചാണ്ടിയുടെ പാർലമെന്ററി പ്രവർത്തനം ആരംഭിക്കുന്നത് 1970 ലാണ്.
ആ നിയമസഭയില്‍ ഒരു കൂട്ടം പുതിയ അംഗങ്ങള്‍ കടന്ന് വന്നിരുന്നു. അന്ന് മുതല്‍ 53 വർഷം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. പാർലമെന്ററി രംഗത്ത് അതൊരു റെക്കോർഡാണ്. ആ സമയത്ത് തന്നെ പാർലമെന്ററി പ്രവർത്തനം ആരംഭിച്ച ആളാണ് ഞാന്‍. ഞങ്ങള്‍ ഒന്നിച്ചാണ് നിയമസഭ പ്രവർത്തനം തുടങ്ങിയതെങ്കിലും എന്റെ രാഷ്ട്രീയ പ്രവർത്തനത്തില്‍ എന്റെ പാർലമെന്ററി ജീവിതത്തിന് ഇടക്കിടക്ക് ഗ്യാപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി തുടർച്ചയായി ആ പ്രവർത്തനം ഭംഗിയായി നിറവേറ്റി.
കേരളത്തിലെ പ്രധാനപ്പെട്ട വിവിധ വകുപ്പുകള്‍ അദ്ദേഹം നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. അതിലൂടെ ഭരണാധികാരിയെന്ന നിലയില്‍ നല്ല രീതിയില്‍ ശോഭിക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്ന് കേരളത്തിന് മുന്നില്‍ തെളിയിക്കാന്‍ സാധിച്ചു. ആ വിപുലമായ അനുഭവ പരിജ്ഞാനം രണ്ട് തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദ്ദേഹത്തിന് വലിയ തോതില്‍ ശക്തിപകർന്നു എന്നുള്ളത് നമ്മുടെ അനുഭവത്തിലുള്ളതാണ്.
എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം അദ്ദേഹം പ്രധാന്യം കൊടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാർട്ടിയില്‍ ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് എന്ന മുന്നണിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം മാറുന്നത് നാം കണ്ടു. ഇതിനെല്ലാം പ്രത്യേകമായി ഒരു നേതൃവൈഭവവും അദ്ദേഹം കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications