'ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം,അതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്';കടുപ്പിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മോദിയുടെ ഭാഷയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കേണ്ട എന്നായിരുന്നു സതീശൻ പറഞ്ഞത്.
പ്രതിപക്ഷം സമരം ചെയ്യുന്നത് സാധാരണക്കാരോടൊപ്പം നിന്നാണ്. കെ. റെയിൽ സമര സമിതിയ്ക്ക് ഞങ്ങള്‍ പിന്തുണ കൊടുക്കും.
ബിജെപിയുമായോ മറ്റേതെങ്കിലും സംഘടനകളുമായോ തങ്ങള്‍ പോകുന്നില്ല. പ്രതിപക്ഷവും കോണ്‍ഗ്രസും സമരം ചെയ്യുന്നത് ജനങ്ങളോടൊപ്പം നിന്നാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

വിഡി സതീശന്റെ വാക്കുകൾ ഇങ്ങനെ; -
'ഈ സമരത്തെ സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് വര്‍ഗീയത് ആരോപിക്കുന്നത്. എന്ത് വര്‍ഗീയതയാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനുള്ളത്. എകെജി സെന്ററില്‍ കുറേ സാധനം സ്ഥിരം അടിച്ചു വെച്ചിരിക്കുകയാണ്. എന്ത് വന്നാലും വര്‍ഗീയത, തീവ്രവാദം, ജമാ അത്തെ ഇസ്ലാമി, ബിജെപി. അതിന്റെ അടിയില്‍ ഒപ്പിട്ടുകൊടുക്കലാണ് പാര്‍ട്ടി സെക്രട്ടറിയുടെ പരിപാടി. എല്ലാത്തിലും വര്‍ഗീയ കാണും. വിമോചന സമരം വരും എന്നൊക്കെ ആരോടാണ് പറയുന്നത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. അതിനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങള്‍ക്കും ചില ധാര്‍മികതയും ഉത്തരവാദിത്വവും

ഇപ്പോള്‍ നിശബ്ദരായി നിന്നാല്‍ ഞങ്ങള്‍ കൂടി വിചാരണ ചെയ്യപ്പെടും. ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം മുന്നോട്ട് കൊണ്ടുപോകും', വിഡി സതീശന്‍ വ്യക്തമാക്കി.
'സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കാനായി ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒത്തു തീര്‍പ്പുണ്ടാക്കി. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാര്‍ നേതൃത്വവും തമ്മിലാണ് ഒത്തുതീര്‍പ്പ്. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരനായ അതേ ഇടനിലക്കാരന്‍ തന്നെയാണ് ഈ ഒത്തു തീര്‍പ്പിനും മധ്യസ്ഥം നിന്നത്' - വിഡി സതീശൻ വ്യക്തമാക്കി.

അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ പാർട്ടികളും കെ റെയിൽ വിരുദ്ധ സംയുക്ത സമര സമിതിയും രംഗത്ത് എത്തിയിരുന്നു. കേന്ദ്ര സർക്കാർ അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കെ റെയിൽ വിരുദ്ധ സംയുക്ത സമര സമിതിയും വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പിന്തുണ ഉണ്ടെന്ന് വ്യാജ പ്രചാരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിക്ക് ഒരേ സമീപനമാണ്. സിൽവർ ലൈൻ പദ്ധതിയിൽ താൻ റെയിൽവേ മന്ത്രിയോട് സംസാരിക്കാം എന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ മറുപടി.

ജനപിന്തുണയുണ്ടെന്ന് വരുത്താനുള്ള പിആർ പരിപാടിയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദർശനം. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ല. പെട്ടെന്ന് അനുമതി നൽകേണ്ട തരം പദ്ധതിയല്ല ഇത്. ഇങ്ങനെ പോയി അനുമതി വാങ്ങാനാവില്ല. തിരുത്തിയ ഡിപിആർ ഇതുവരെ കേരളം കേന്ദ്രത്തിന് നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയിൽ അനുമതിയുടെ ഒരു ഘട്ടം പോലും ആയിട്ടുമില്ല - സുരേന്ദ്രൻ ആരോപിച്ചിരുന്നു.

അതേസമയം, ജനങ്ങളുടെ എതിര്‍പ്പ് മൂലം സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതികള്‍ ഉപേക്ഷിക്കുന്നത് സര്‍ക്കാരിന് അഭിമാനമാണ്. നിലനില്‍പ്പിനായുള്ള ജനങ്ങളുടെ നിലവിളി സര്‍ക്കാര്‍ കേള്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications