സിഎജി റിപ്പോര്‍ട്ട്: കണ്ടെത്തലുകല്‍ യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നതെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നേരത്തെ പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഡാം മാനേജ്‌മെന്റില്‍ ഉണ്ടായ ദയനീയമായ പരാജയമാണ് 2018 ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്. സി.എ.ജി യുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത മറുപടിയില്‍ ഡാം മാനേജ്‌മെന്റില്‍ പരാജയം ഉണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാം മാനേജ്‌മെന്റില്‍ കുഴപ്പമില്ലെന്ന് മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്‌മെന്റിന്റെ എ ബി സി ഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു. 2020 ല്‍ യു ഡി എഫ് പുറത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സി എ ജി റിപ്പോര്‍ട്ടിലും പറയുന്നത്.

ഇത്രയും വലിയ കടക്കെണിയില്‍ സംസ്ഥാനം നില്‍ക്കുമ്പോഴാണ് 1.24 ലക്ഷം കോടി ചിലവാക്കി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത്. ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും. 1.24 ലക്ഷം കോടിയുടെ ബാധ്യത സംസ്ഥാനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീചമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംഘപരിവാര്‍ സര്‍ക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന തീവ്ര വലതുപക്ഷ നിലപാടാണ് സര്‍ക്കാരിന്റേത്. ഇടതുപക്ഷത്തു നിന്നുള്ള നയവ്യതിയാനമാണിതെന്ന് വിഡി സതീശന്‍ പറഞ്ഞു.
2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുമാണ് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രളയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രളയ മുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നാം തവണയും സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെ ഉണ്ടായ ഗുരുതര പരാമര്‍ശങ്ങള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കിഫ്ബി നാടിനെ കടക്കെണിയിലാക്കുമെന്ന് സിഎജിയും പ്രതിപക്ഷവും മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ജനിക്കാന്‍ പോവുന്ന കുട്ടികളെ വരെ കടക്കാരാക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നും അദ്ദേഹം പറയുന്നു












Click it and Unblock the Notifications