''പോലീസ് നോക്കുകുത്തി, യുപിയിലേത് പോലെയുളള വിചിത്രമായ സംഭവങ്ങളാണ് കേരളത്തില്‍'': വിഡി സതീശൻ
മലപ്പുറം: വണ്ടിപ്പെരിയാർ ഇരയുടെ കുടുംബം ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോലീസ് നോക്കുകുത്തിയായി നിൽക്കുകയാണ് എന്നും ഉത്തർ പ്രദേശിലേത് പോലുളള സംഭവങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. വിഡി സതീശന്റെ വാക്കുകൾ:
''പ്രതിയുടെ കുടുംബം തന്നെ ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ പിതാവ് പരാതിപ്പെട്ടിരുന്നു.തങ്ങളത് പോലീസിന്റെ ശ്രദ്ധയിലും പെടുത്തിയിരുന്നു. എന്തൊരു ദുരന്തമാണ് ആ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. ആ പ്രതിയെ വെറുതെ വിട്ടു. എന്നിട്ട് പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയുടെ ബന്ധുക്കള്‍ ശാരീരികമായി ആക്രമിക്കുന്നു. അവരുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നു. പോലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു.

ഡിവൈഎഫ്‌ഐക്കാരനായ പ്രതിയെ രക്ഷിക്കാന്‍ പോലീസും പ്രോസിക്യൂഷനും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രതിയെ വെറുതെ വിട്ടത്. അതിന് ശേഷവും ഇരയുടെ കുടുംബത്തെ വേട്ടയാടുകയാണ്. യുപിയില്‍ നടക്കുന്നത് പോലെയുളള വിചിത്രമായ സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത് എന്നോര്‍ത്ത് തല കുനിച്ച് നടക്കേണ്ട അവസ്ഥയാണ്.
മകളേ മാപ്പ് എന്ന കെപിസിസിയുടെ പരിപാടി നാളെ വണ്ടിപ്പെരിയാറില്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാലും ദീപാ ദാസ് മുന്‍ഷിയും പങ്കെടുക്കും. പോലീസുകാര്‍ പാര്‍ട്ടിക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്'', വിഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് മുന്‍ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശത്തേയും വിഡി സതീശന്‍ വിമര്‍ശിച്ചു. ''എംഎം മണി ഗവര്‍ണറെ മാത്രമല്ല അധിക്ഷേപിക്കുന്നത്. താന്‍ ഇടുക്കി സന്ദര്‍ശനം നടത്തിയാല്‍ തന്നെക്കുറിച്ചും മോശം വാക്കുകള്‍ പറയും. പിണറായി വിജയന്‍ ആളുകളെ ആക്ഷേപിക്കുന്നതിന് വേണ്ടി വളരെ ബുദ്ധിപൂര്‍വ്വം ചിലരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഒന്ന് മന്ത്രി സജി ചെറിയാന്‍ ആയിരുന്നു. രണ്ട് എംഎം മണിയാണ്'', വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications