'അമ്മയ്ക്ക് വേണ്ടി പാടുമായിരുന്നു, അനിയനെ പോലെ എന്നെ ചേർത്തുപിടിച്ചു'; ജയചന്ദ്രന്റെ വിയോഗത്തിൽ മോഹൻലാൽ
തിരുവനന്തപുരം: അനുഗ്രഹീത ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. ജയചന്ദ്രൻ തനിക്ക് മൂത്ത സഹോദരനെ പോലെയായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. അദ്ദേഹവുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പോസ്‌റ്റാണ് മോഹൻലാൽ പങ്കുവച്ചത്.
വളരെ കുറച്ച് ഗാനങ്ങൾ മാത്രമേ തനിക്ക് വേണ്ടി ജയേട്ടൻ പടിയിട്ടുള്ളൂ എങ്കിലും അതെല്ലാം ജനങ്ങൾ ഏറ്റെടുത്തിരുന്നുവെന്നും മോഹൻലാൽ പറയുന്നു. കാലാതീതമായ പാട്ടുകളാണ് ജയചന്ദ്രൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചതെന്നും മോഹൻലാൽ പറയുന്നു. തലമുറകളുടെ ഭാവഗായകനായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.

മോഹൻലാലിന്റെ വാക്കുകൾ
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്‌ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്‌ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്‌ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും.
അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു. ശബ്‌ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാൽപനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം...
മമ്മൂട്ടിയും സമൂഹ മാധ്യമത്തിലൂടെയാണ് പി ജയചന്ദ്രനെ അനുസ്‌മരിച്ചത്. 'പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ', എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. എന്നാൽ പഴയ തലമുറ നായകൻമാർക്ക് വേണ്ടി പാടിയത് പോലെ അധികം പാട്ടുകൾ മമ്മൂട്ടിക്കും മോഹൻലാലിനും വേണ്ടി അദ്ദേഹം പാടിയിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങിയത്. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു അദ്ദേഹത്തിന്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ശനിയാഴ്‌ച പറവൂര്‍ ചേന്ദമംഗലത്ത് വച്ചായിരിക്കും നടക്കുക.












Click it and Unblock the Notifications