'വിക്കറ്റുകൾ ഇനിയും വീണുകൊണ്ടേയിരിക്കും, പി ശശിയുടെ ഇടപെടൽ പരാജയം'; വിമർശനം ആവർത്തിച്ച് അൻവർ
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണം കൂടുതൽ കടുപ്പിച്ച് പിവി അൻവർ. പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ പി ശശി പൂർണ പരാജയമാണെന്ന് അൻവർ ചൂണ്ടിക്കാട്ടി. കൂടാതെ സർക്കാരിന്റെ മോശം പ്രതിച്ഛായക്ക് പിന്നിലെ കാരണം പി ശശിയുടെ ഇടപെടൽ ആണെന്നും അൻവർ ആരോപിച്ചു.പോലീസ് തലപ്പത്തെ അഴിച്ചുപണി വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിലമ്പൂർ എംഎൽഎയുടെ പ്രതികരണം.
ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്ന പ്രഖ്യാപനവും ഇന്ന് അൻവർ നടത്തിയിരുന്നു.സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണെന്ന് പറഞ്ഞ അൻവർ പി ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും വ്യക്തമാക്കി. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലുകൾ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയെന്നും പിവി അൻവർ പറയുകയുണ്ടായി.

ജനങ്ങൾക്കും സാധാരണ പാർട്ടി പ്രവർത്തകർക്കും നീതി ലഭിക്കാൻ ശശിയുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായില്ല. പോലീസിനെ കുറിച്ചുള്ള പരാതികൾ അദ്ദേഹം ചവറ്റുകൊട്ടയിലേക്ക് ഇട്ടത് കൊണ്ടാണ് പാർട്ടിക്ക് ക്ഷീണമുണ്ടായതെന്നും അതുകൊണ്ടാണ് മോശം പ്രതിച്ഛായ ഉണ്ടായതെന്നും അൻവർ ചൂണ്ടിക്കാട്ടി. പി ശശി പരാജയമാണെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അൻവർ നിലപാട് വ്യക്തമാക്കി.
എഡിജിപി എംആർ അജിത്കുമാറിനെ ആരും രക്ഷിക്കുന്നതായി തോന്നിയില്ലെന്നും തെറ്റ് ചെയ്‌താൽ ശിക്ഷിക്കുന്ന പാർട്ടിയാണ് ഇതെന്ന് അൻവർ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ആശ്വാസകരമായ ഒരു കാര്യമാണെന്ന് പറഞ്ഞ അൻവർ ഇനിയും വിക്കറ്റുകൾ വീണുകൊണ്ടേയിരിക്കുമെന്നാണ് പറഞ്ഞത്.
മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം പോലീസിൽ ഇന്ന് വമ്പൻ അഴിച്ചുപണി നടന്നിരിക്കുന്നത്. എസ്‌പി ശശിധരനെ സ്ഥലംമാറ്റുകയാണ് ചെയ്‌തതെങ്കിൽ താനൂർ ഡിവൈസ്‌എസ്‌പി വിവി ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
കൂടാതെ പോലീസിലെ ഉന്നത തലത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
എന്നാൽ അൻവർ ഏറ്റവും ഗുരുതരമായ ആരോപണം ഉന്നയിച്ച എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ഒന്നും എടുത്തിട്ടില്ല. അൻവർ ആരോപണം ഉന്നയിച്ച മറ്റെല്ലാ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുത്തിട്ടെങ്കിലും അജിത്കുമാറിനെ മാത്രം ഒഴിവാക്കുകയായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന്റേതായിരിക്കും.












Click it and Unblock the Notifications