'പാലക്കാട് ഒരു ആൺകുട്ടി പോലുമില്ലേ മത്സരിപ്പിക്കാൻ..?' രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് പത്മജ
തിരുവനന്തപുരം: പാലക്കാട് നിയോജക മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. പാലക്കാട് മത്സരിപ്പിക്കാൻ കോൺഗ്രസിന് ഒരു ആൺകുട്ടിയെ പോലും കിട്ടിയില്ലേ എന്നായിരുന്നു പദ്‌മജയുടെ ചോദ്യം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം.
പോസ്‌റ്റിനൊപ്പം രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രവും പത്മജ പങ്കുവച്ചിട്ടുണ്ട്. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരിവാരി പൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂ എന്നും പത്മജ ചോദിച്ചു. മുരളീധരന് സീറ്റ് കൊടുക്കില്ലെന്ന് അപ്പോഴേ പറഞ്ഞതാണെന്നും ഇപ്പോഴത് ശരിയായില്ലേ എന്നും പത്മജ ചോദിച്ചു.

പാലക്കാട് മുരളീധരൻ മത്സരിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതെന്നും എന്നാൽ സംസ്ഥാന നേതൃത്വം ഇത് പരിഗണിക്കാതെ സീറ്റ് നിഷേധിക്കുകയായിരുന്നു എന്നുമാണ് പദ്‌മജയുടെ ആരോപണം. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.
നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പദ്‌മജ വേണുഗോപാലിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ച നേതാക്കളിൽ ഒരാളായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പത്മജ ചാണകക്കുഴിയിലേക്കാണ് വീണതെന്നും ഇനിയും കരുണാകരന്റെ പാരമ്പര്യം ഉപയോഗിച്ചാൽ പദ്‌മജയെ തെരുവിൽ തടയുമെന്നും രാഹുൽ പറഞ്ഞിരുന്നു.
തന്തക്ക് പിറന്ന മകളോ തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങനെയാണെന്നും രാഹുൽ അന്ന് ചോദിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിൽ പത്മജ തിരിച്ചടിച്ചിരുന്നു. ടിവിയിൽ ഇരുന്ന് ആളായ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് പറഞ്ഞ പത്മജ എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്ന കാര്യം തനിക്കറിയാമെന്നും തിരിച്ചടിച്ചിരുന്നു.
അതിന് പിന്നാലെയാണ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ പത്മജ വീണ്ടും വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുക. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയും ജനവിധി തേടും.
നേരത്തെ പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വടകരയിലെ ജയസാധ്യതയുള്ള സീറ്റ് ഉപേക്ഷിച്ച് തൃശൂരിലെ ത്രികോണ മത്സരം നടക്കുന്ന ഇടത്തേക്ക് പാർട്ടി നിർദ്ദേശ പ്രകാരം ചേക്കേറിയ മുരളി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ അർഹമായ സ്ഥാനം നൽകി മുരളിയെ വരുതിയിലാക്കാൻ നേതൃത്വം ശ്രമിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അവയൊക്കെ തള്ളിക്കൊണ്ടാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിരിക്കുന്നത്.












Click it and Unblock the Notifications