പദ്മജയെ ചൊടിപ്പിച്ചത് വിഡി സതീശന്റെ പ്രതികരണവും; കെസി വേണുഗോപാൽ ഇടപെട്ടിട്ടും വഴങ്ങിയില്ല
തൃശൂർ: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളെല്ലാം തള്ളി ബി ജെ പിയിലേക്ക് ചേക്കാറാൻ കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാൽ. സംഘടന സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പദ്മജയോട് സംസാരിച്ചെങ്കിലും വഴങ്ങാൻ അവർ കൂട്ടാക്കിയില്ല. നേതൃത്വത്തിനും സഹപ്രവർത്തകർക്കുമെതിരെ അതിരൂക്ഷവിമർശനങ്ങൾ ഉയർത്തിയാണ് പദ്മജ കോൺഗ്രസ് വിടുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നു പദ്മജ. വനിതാ നേതാക്കളെ വളരാൻ അനുവദികുന്നില്ലെന്നും തനിക്കെതിരെ നിയമസഭ തിരഞ്ഞെടുപ്പിൽ ചിലർ പ്രവർത്തിച്ചുവെന്നും പദ്മജ നേതൃത്വത്തിനെതിരെ തുറന്നടിച്ചിരുന്നു. തനിക്കെതിരെ തൃശൂരിൽ പ്രവർത്തിച്ച നേതാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പദ്മജ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നടപടി കൈക്കൊണ്ടിരുന്നില്ല.

കരുണാകരൻ സ്മാരക നിർമ്മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണവും പദ്മജ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. നിർമ്മാണവുമായി സഹകരിക്കില്ലെന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടി നേതാക്കളോട് പറഞ്ഞതും പദ്മജയെ ചൊടിപ്പിച്ചു. സ്മാരക നിർമ്മാണ ഫണ്ടിൽ നിന്ന് ഒരു നേതാവ് പണമെടുത്തതും പദ്മജയെ പ്രകോപിപ്പിച്ചു. തന്‍റെ ആവശ്യങ്ങൾക്ക് യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇപ്പോൾ അവർ കോൺഗ്രസിന്റെ പടിയിറങ്ങുന്നത്.
അതേസമയം പദ്മജ നിലപാടെടുത്തതോടെ കെ സി വേണുഗോപാൽ അവരെ ബന്ധപ്പെട്ടിരുന്നു. ഇനി കോൺഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്നായിരുന്നു കെസിക്ക് മുൻപിൽ പദ്മജ വെച്ച ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ അനുനയ നീക്കങ്ങൾ പാളുകയായിരുന്നു.
ഇന്നലെയാണ് പദ്മജ ബിജെപിയിലേക്ക് പോകുകയാണെന്ന വാർത്തകൾ വന്നത്. ബി ജെ പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പോകില്ലെന്നും നാളത്തെ കാര്യം പറയാനാകില്ലെന്നുമായിരുന്നു പദ്മജയുടെ പ്രതികരണം. ഇത് വലിയ വാർത്തയായതോടെ വിശദീകരണവുമായി പദ്മജ രംഗത്തെത്തി. മാധ്യമങ്ങളുടെ ചോദ്യത്തിന് തമാശരൂപേണ പ്രതികരിക്കുകയായിരുന്നുവെന്നും ഒരിക്കലും കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിലൂടെയായിരുന്നു വിശദീകരണം. എന്നാൽ വൈകാതെ തന്നെ ആ കുറിപ്പ് അവർ നീക്കം ചെയ്തിരുന്നു.
അതേസമയം ബി ജെ പിയിൽ ചേരുന്നതിനായി ഇന്ന് രാവിലെയോടെ അവർ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. ബി ജെ പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പാർട്ടി പ്രവേശം. ബി ജെ പി ദേശീയ നേതൃത്വം അറിഞ്ഞുകൊണ്ടാണ് പദ്മജയുടെ കളംമാറ്റം എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications