'കാല് തിരുമ്മി നേതാവായ ആള്‍ക്കാര്‍; ഷാഫിക്കും രാഹുലിനുമെതിരെ പത്മജ
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ആരോടും പ്രതിബദ്ധതയില്ലാത്ത നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് പത്മജ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. നേതാക്കന്‍മാരുടെ വീട്ടില്‍ പോയി കാല് തിരുമ്മി കൊടുത്ത് നേതാവായ ആളാണ് ഷാഫിയും രാഹുലുമെന്നും അവര്‍ വിമര്‍ശിച്ചു.
തങ്ങളുടെ അമ്മയ്‌ക്കെതിരായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം ഒരിക്കലും മറക്കില്ല എന്നും മുരളീധരനും ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട് എന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ' ഗതികേട് കൊണ്ടാണ് മുരളിയേട്ടന്‍ രാഹുലിന്റെ പ്രചരണത്തിന് വരുന്നത്. ഇത്രയും വൈകി പ്രചരണത്തിന് വരുന്നത് അദ്ദേഹത്തിന്റെ പ്രതിഷേധമാണ്. അമ്മയുടെ കാര്യത്തില്‍ അദ്ദേഹം ക്ഷമിക്കില്ല,' പത്മജ പറഞ്ഞു.

പത്മജയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'രാഷ്ട്രീയം മാന്യതയില്ലാത്തതാണ് എന്നാണ് പൊതുവെ സിനിമാക്കാരും രാഷ്ട്രീയക്കാര്‍ തന്നേയും പറയാറുള്ളത്. അതിപ്പോള്‍ ശരിയായി കൊണ്ടിരിക്കുകയാണ്. ഞങ്ങളൊന്നും ഇങ്ങനെയല്ല രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ അത് സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു പാര്‍ട്ടിക്കാരും ജാതിമതഭേദമന്യേ ഒരാളും കുറ്റം പറയാത്ത ഒരു സ്ത്രീയാണ് എന്റെ അമ്മ. എന്റെ അച്ഛനെ പറഞ്ഞോട്ടെ.
അച്ഛന് രാഷ്ട്രീയവും എല്ലാം ഉണ്ട്. എന്റെ അമ്മയ്ക്ക് അതില്ല. അങ്ങനെ ഒരാളെ വളരെ മോശമായി പറഞ്ഞ ഒരാളാണ് രാഹുല്‍. ഒരിക്കലും കഷ്ടപ്പെട്ട് വന്നതല്ല, അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്ന് വന്ന ആളാണ്. അത് ഞാന്‍ അന്നേ വിമര്‍ശിച്ചതാണ്. അതുകഴിഞ്ഞപ്പോള്‍ ആള്‍ക്ക് മനസിലായി ഇങ്ങനെ പോയാല്‍ ശരിയാകില്ല എന്ന്. അങ്ങനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി അഡ്ജസ്റ്റ് ചെയ്ത് ജയിലില്‍ പോയി കിടന്ന് നേതാവായ ആളാണ്.
നേതാക്കന്‍മാരുടെ വീട്ടില്‍ പോയി കാല് തിരുമ്മികൊടുക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന ആളെയാണോ ഇവിടെ നിര്‍ത്തേണ്ടത്. അദ്ദേഹത്തിന്റെ വീട്ടിലെ ഒരു സാധാരണ ആളായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നില്‍ക്കുന്നത്. വേറെ ആരോടും ഒരു കമ്മിറ്റ്‌മെന്റ് ആള്‍ക്ക് ഇപ്പോള്‍ ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തൊട്ടുള്ള ഡീലാണ് അത്. ഷാഫിക്ക് വേണമെങ്കില്‍ അന്ന് മത്സരിക്കാതിരിക്കാമായിരുന്നു.
അന്നേ ഷാഫി പറഞ്ഞത് എന്റെ ശിങ്കിടിയായിട്ടുള്ള ആളെ ഈ മണ്ഡലത്തില്‍ നിര്‍ത്തണം എന്നായിരുന്നു. അതുകൊണ്ടാണ് പാലക്കാട് തിരഞ്ഞെടുപ്പ് വരും എന്നറിഞ്ഞപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലായിരിക്കും സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞത്. കോണ്‍ഗ്രസില്‍ പണിയെടുത്തിട്ട് ഒരു കാര്യവുമില്ല എന്ന് എല്ലാവര്‍ക്കും തോന്നി തുടങ്ങി. നേതാക്കളെ മണിയടിക്കുന്നവര്‍ക്കെ രക്ഷ ഉള്ളൂ.
ഇങ്ങനെ വരുന്ന ആളുകള്‍ ഒരിക്കലും കൂടെ നില്‍ക്കില്ല എന്ന് അവര്‍ മനസിലാക്കണം. എന്റെ അച്ഛന്റെ പിന്നാലെയായിരുന്നു കുറെ ആള്‍ക്കാര്‍. അവര്‍ വേറെ കണ്ടപ്പോള്‍ ആ വഴിക്ക് പോയി. അത് തന്നെയാണ് ഇവിടേയും സംഭവിക്കാന്‍ പോകുന്നത്. നാളെ ഷാഫിയുടെ കൂടെ രാഹുല്‍ നില്‍ക്കും എന്ന് തോന്നുന്നുണ്ടോ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അപ്പോള്‍ അദ്ദേഹം പോകും. സ്വന്തം അച്ഛനെ ചതിക്കുമ്പോഴുള്ള വേദന മകനോ മകള്‍ക്കോ മാത്രമെ മനസിലാകൂ.
ചാണ്ടി ഉമ്മന്‍ പ്രചരണത്തിന് വരുന്നുണ്ടെങ്കില്‍ അത് ഹൈക്കമാന്റിന്റെ സമ്മര്‍ദ്ദം കൊണ്ടായിരിക്കും. കാരണം അത്ര ചതിയാണ് പല എ ഗ്രൂപ്പ് നേതാക്കളും ചെയ്തത്. എന്റെ അച്ഛനെ ചതിച്ചത് പോലെയാണ് ഉമ്മന്‍ചാണ്ടിക്കും ലഭിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനോട് ഒരിക്കലും ക്ഷമിക്കില്ല. രാഷ്ട്രീയമായിട്ടുള്ള പല കാര്യങ്ങള്‍ക്കും ക്ഷമിക്കുന്ന ആളാണ് ഞാന്‍. പക്ഷെ ഇത് മരിക്കുന്നത് വരെ ഞാന്‍ മറക്കില്ല.
സ്വന്തം അമ്മ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. രാഹുലിന് വേണ്ടി മുരളിയേട്ടന്‍ പ്രചരണത്തിന് വരുന്നത് അദ്ദേഹത്തിന്റെ ഗതികേടാണ്. ഇത്രയും വൈകി പ്രചരണത്തിന് വരുന്നത് അദ്ദേഹത്തിന്റെ പ്രതിഷേധമാണ്. കാരണം കുട്ടിക്കാലം തൊട്ട് ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. അദ്ദേഹത്തിന്റെ മനസ് എനിക്ക് നന്നായി അറിയാം. അമ്മയുടെ കാര്യത്തില്‍ അദ്ദേഹം ക്ഷമിക്കില്ല,' പത്മജ പറഞ്ഞു.












Click it and Unblock the Notifications