പണപ്പെട്ടി വിവാദം സിപിഎമ്മിനെ തിരിഞ്ഞു കൊത്തുമോ? പാർട്ടിക്കുള്ളിൽ ഭിന്നത, നിലപാടിൽ ഉറച്ച് കൃഷ്‌ണദാസ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പണപ്പെട്ടി ആരോപണത്തിൽ വിവാദം കത്തിപ്പടരുകയാണ്. കോൺഗ്രസ് നേതാക്കളെ ഉന്നം വച്ചുള്ള ആരോപണങ്ങളും ആക്ഷേപവുമാണ് ഉയർന്നതെങ്കിലും ഇപ്പോഴത് സിപിഎമ്മിനെ തന്നെ തിരിഞ്ഞു കൊത്തുമോ എന്ന ആശങ്കയാണ് ഇടത് കേന്ദ്രങ്ങൾ ഏറ്റവും ഒടുവിൽ പങ്കുവയ്ക്കുന്നത്. അതിന് കാരണമാവുന്നതാവട്ടെ ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ്.
ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്ന ആക്ഷേപത്തെ തിരഞ്ഞെടുപ്പിൽ വോട്ടായി മാറ്റുക എന്ന ലക്ഷ്യവുമായി സിപിഎം ജില്ലാ നേതൃത്വം അരയും തലയും മുറുക്കി ഇറങ്ങിയിട്ട് ദിവസം രണ്ടായി. പലപ്പോഴും ആരോപണങ്ങളുമായി ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ എത്തുകയും സിസിടിവി ദൃശ്യങ്ങൾ ഒക്കെ പുറത്തുവിടുകയും ഒക്കെ ചെയ്യുന്ന സാഹചര്യവും ഇവിടെ ഉണ്ടായിരുന്നു.

അങ്ങനെ കാര്യങ്ങൾ ജില്ലാ നേതൃത്വം വിചാരിച്ച നിലയിൽ കൃത്യമായി മുന്നോട്ട് പോകവെയാണ് ഓർക്കാപ്പുറത്തെ അടിപോലെ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവായ എൻഎൻ കൃഷ്‌ണദാസ് ഇതിനെ ഖണ്ഡിച്ചുകൊണ്ട് രംഗത്ത് വന്നത്. നിലവിൽ നടക്കുന്ന പണപ്പെട്ടി വിവാദം അനാവശ്യമാണ് എന്നായിരുന്നു കൃഷ്‌ണദാസ് ഇക്കാര്യത്തിൽ തുടക്കം മുതൽ സ്വീകരിച്ച നിലപാട്.
എന്നാൽ ഇതിനെ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു അപ്പോൾ തന്നെ തള്ളിക്കളഞ്ഞിരുന്നു. നന്നായി ബാറ്റ് ചെയ്യുന്ന സമയത്ത് റൺ ഔട്ട് ആയത് പോലെയായി കൃഷ്‌ണദാസിന്റെ കടന്നുവരവെന്നാണ് എതിർപക്ഷം ഇതിനെ പരിഹസിക്കുന്നത്. ആദ്യഘട്ടത്തിൽ വിവാദങ്ങൾ അനാവശ്യമാണെന്ന് മാത്രം പറഞ്ഞ കൃഷ്‌ണദാസ് ഇപ്പോൾ ഒരുപടി കൂടി കടന്നാണ് അഭിപ്രായം അറിയിച്ചിരിക്കുന്നത്.
പണപ്പെട്ടിയുടെ കാര്യമല്ല വികസനത്തിന്റെ കാര്യമാണ് മണ്ഡലത്തിൽ ചർച്ച ചെയ്യേണ്ടത് എന്നായിരുന്നു കൃഷ്‌ണദാസ് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്. കൂടാതെ ഇപ്പോൾ നടക്കുന്ന കള്ളപ്പണ വിവാദം തന്നെ ഒരു കെണിയാണ് എന്നും അദ്ദേഹം ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനകീയ വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ കൃഷ്‌ണദാസ് കള്ളപ്പണം ഉണ്ടെങ്കിൽ അത് പോലീസ് കണ്ടെത്തട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതോടെ ജില്ലാ സെക്രട്ടറി വീണ്ടും തിരുത്തലുമായി രംഗത്ത് വരികയായിരുന്നു. വിഷയം ചർച്ചയാക്കാമെന്നത് പാർട്ടിയുടെ തീരുമാനം ആണെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിട്ടുള്ളതാണെന്നുമാണ് സുരേഷ് ബാബു നൽകിയ മറുപടി. എന്നാൽ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മണ്ഡലത്തിൽ പണപ്പെട്ടി വിവാദം ബൂമറാംഗ് പോലെയാവുമോ എന്നാണ് ഇടത് കേന്ദ്രങ്ങൾ ഭയക്കുന്നത്.
നേരത്തെ കൊടകര കുഴൽപ്പണ കേസിൽ പോലും കാണിക്കാത്ത താൽപര്യം സിപിഎം വിഷയത്തിൽ കാണിക്കുന്നത് ബിജെപിയുമായുള്ള ഇടപാടിന്റെ തെളിവാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെ ആരോപിക്കുന്നത്. ഇതിനൊപ്പം വടകരയിലെ പരാജയപ്പെട്ട കാഫിർ സ്‌ക്രീൻ ഷോട്ട് ശ്രമവും അവർ സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ നേതാക്കൾ തമ്മിലുള്ള ഭിന്നതയും വിഷയത്തിന് നൽകുന്ന അമിത പ്രാധാന്യവും മണ്ഡലത്തിൽ തിരിച്ചടിയാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.












Click it and Unblock the Notifications