'ഹോട്ടലിന്റെ പിൻവാതിലിലൂടെ ഓടുന്ന ദൃശ്യം പുറത്തുവിട്ടാൽ പ്രചാരണം നിർത്തും'; വെല്ലുവിളിച്ച് രാഹുൽ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ച ഹോട്ടലിൽ നടന്ന റെയ്‌ഡിന് പിന്നാലെ സിപിഎം-കോൺഗ്രസ് വാക്‌പോര് കനക്കുന്നു. സിപിഎമ്മിനെ ആരോപണങ്ങൾക്ക് മറുപടിയുമായി നീല ട്രോളി ബാഗുമായി പത്രസമ്മേളനം നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ താൻ കള്ളപ്പണം കൈയിൽ വച്ചതിന് തെളിവുണ്ടെങ്കിൽ കാണിക്കാനാണ് ആവശ്യപ്പെട്ടത്.
ഹോട്ടലിൽ റെയ്‌ഡ് നടക്കുന്ന വേളയിൽ താൻ പുറകിലൂടെ ഓടി രക്ഷപ്പെട്ടെന്ന ആരോപണം തെളിയിക്കണമെന്നും രാഹുൽ സിപിഎമ്മിനോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ താൻ പിൻവാതിലൂടെ രക്ഷപ്പെട്ടുവെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തുമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.

വിവാദത്തിൽ സിപിഎം ആരോപണങ്ങൾക്ക് എതിരെ ആഞ്ഞടിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ മറുപടിയുമായി രംഗത്ത് വന്നത്. സിപിഎം ആരോപിക്കുന്ന പെട്ടിയിൽ ഉണ്ടായിരുന്നത് കേവലം വസ്ത്രങ്ങൾ മാത്രമായിരുന്നു എന്നാണ് രാഹുൽ പറയുന്നത്. ഹോട്ടൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
താൻ മുൻ വാതിലിലൂടെ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കിൽ പ്രചാരണം ഇവിടെ വച്ച് നിർത്തുമെന്നായിരുന്നു രാഹുൽ സിപിഎമ്മിനെ വെല്ലുവിളിച്ചത്. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാലും പ്രചാരണം അവസാനിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. പണം ഉണ്ടെന്ന് ആരോപിക്കുന്നവർ അത് തെളിയിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തീയതി നീട്ടിയതിനാൽ പിടിച്ചു നിൽക്കാൻ വേണ്ടിയാണ് എതിർ പാർട്ടിക്കാർ ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പല റൂമുകളിലേക്കും ബാഗ് കൊണ്ട് പോവുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും രാഹുൽ മറുപടി നൽകുകയുണ്ടായി. ഷാഫിയും താനും വസ്ത്രങ്ങൾ മാറിമാറി ധരിക്കാറുണ്ടെന്നായിരുന്നു ഇതിന് രാഹുൽ നൽകിയ മറുപടി.
അതേസമയം, രാഹുലിനെതിരെ സിപിഎം നിലപാട് കടുപ്പിക്കുകയാണ്. ബാഗ് ദുരൂഹമായി പല മുറികളിലേക്കും എത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. വസ്ത്രം ആണെങ്കിൽ എന്തിനാണ് എല്ലാ മുറികളിലേക്കും ഇത് കൊണ്ട് പോവുന്നതെന്നും അവർ ചോദിച്ചു. രാഹുലും ഷാഫിയും കെപിഎം ഹോട്ടലിൽ താമസിക്കുന്നവർ അല്ലെന്നും സിപിഎം ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് യോഗത്തിന് പോവുമ്പോൾ എന്തിനാണ് നീല ബാഗ് കൈയിൽ കൊണ്ട് നടക്കുന്നതെന്നും സിപിഎം ചോദിക്കുകയുണ്ടായി. ഇന്നലെ രാത്രി പാലക്കാട് ഇല്ലെന്ന് തെളിയിക്കാനായി രാഹുൽ ലൈവ് ഇട്ടെങ്കിലും അദ്ദേഹം പാലക്കാട് തന്നെ ഉണ്ടെന്നാണ് സിപിഎം വാദിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് കളരിക്ക് പുറത്തും ഇരു പാർട്ടികളും തമ്മിലുള്ള പോരാട്ടം ശക്തമാവുന്ന കാഴ്‌ചയാണ് ഇപ്പോഴുള്ളത്.
ഇന്നലെ രാത്രിയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വേണ്ടി കള്ളപ്പണം എത്തിച്ചു എന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞിരുന്ന ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയത്. വനിതാ നേതാക്കൾ ഉൾപ്പെടെ കഴിഞ്ഞിരുന്ന മുറിയിലേക്ക് പോലീസ് ഇടിച്ചുകയറി എന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഇവിടെ നേരിയ സംഘർഷവുമുണ്ടായിരുന്നു.












Click it and Unblock the Notifications