പാലക്കാടിൻ്റെ തലവര മാറ്റുന്ന വെസ്റ്റേണ്‍ റിങ്ങ് റോഡ്; ആദ്യ ഘട്ടം ഫെബ്രുവരിയിൽ തുറന്നേക്കും;ഗതാഗതക്കുരുക്കഴിയും
പാലക്കാടിൻ്റെ തലവര തന്നെ മാറ്റാനൊരുങ്ങിന്ന വെസ്റ്റേൺ റിങ് റോഡ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. ഫെബ്രുവരിയിൽ റോഡ് തുറന്ന് നൽകും. പാലക്കാട് റോഡിലുള്ള മൈൽക്കൽ മുതൽ മാതംപട്ടിവരെ 11.8 കിലോമീറ്റർ പാതയാണിത്.
കോയമ്പത്തൂർ നഗരഹൃദയത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 32.43 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ പ്രവർത്തനം ആരംഭിച്ചത്. വെസ്റ്റേൺ ബൈപ്പാസ് എന്നും അറിയപ്പെടുന്ന ഈ റിങ് റോഡ് സേലം - കൊച്ചി റോഡിലെ (എസ്എച്ച്യു52) മൈൽക്കലിനെ, നാഗപട്ടണം-ഗൂഡല്ലൂർ-മൈസൂർ റോഡിലെ (എൻഎച്ച് 67) നരസിംഹനൈക്കൻപാളയവുമായി ബന്ധിപ്പിക്കുന്നതാണ്. 15 റവന്യൂ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത ഗാന്ധിപുരം, ഉക്കടം, മേട്ടുപ്പാളയം റോഡ് തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെ ഗതാഗത കുരുക്കുകൾ ലഘൂകരിക്കും.

2023 ഓഗസ്റ്റിലാണ് റോഡിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. മൂന്ന് ഘട്ടമായി പണി പൂർത്തിയാക്കാണ് തീരുമാനം കൈക്കൊണ്ടത്. ഇതിൽ മടക്കര മുതൽ മടമ്പട്ടി വരെയുള്ള 11.80 കിലോമീറ്റർ ആണ് ആദ്യ ഘട്ടത്തിൽ വരുന്നത്. സുന്ദക്കാമുത്തൂർ, പേരൂർ ചെട്ടിപ്പാളയം, തീത്തിപ്പാളയം തുടങ്ങിയ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്.
250 കോടി രൂപ ചെലവ് വരുന്ന ഒന്നാം ഘട്ടം 2025 ഓഗസ്റ്റിൽ പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ജോലികൾ പൂർത്തിയാകാതിരുന്നതോടെ പിന്നേയും നീണ്ടു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ഭൂഗർഭ പൈപ്പ് ലൈനുകൾ, ഇലക്ട്രിക്കൽ ലൈനുകൾ എന്നിവ മാറ്റി സ്ഥാപിക്കൽ, കാലാവസ്ഥാ സംബന്ധമായ തടസ്സങ്ങൾ, മൈൽക്കലിനടുത്തുള്ള ശ്മശാനത്തിന്റെ സാന്നിധ്യം എന്നിവയെല്ലാം പണി വൈകാൻ കാരണമായി.
നിലവിൽ റോഡിൻ്റ 10 കിമി ഭാഗത്തുള്ള ടാറിങ് പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി വരുന്ന മൈക്കൽ ഭാഗത്തേക്കുള്ള പാലത്തിൻ്റെ പണികൾ ഇനിയും അവശേഷിക്കുന്നുണ്ട്. റിങ് റോഡിൻ്റെ പണിയും പുരോഗമിക്കുകയാണ്.ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 12 ജങ്ഷനുകളാണ് നവീകരിക്കുന്നത്. ഇതിൽ ആറിവോളി നഗർ, സെല്ലപ്പൻ ഗൗണ്ടൻ പുത്തൂർ, കികാനി സ്കൂൾ ജങ്ഷൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് ജങ്ഷനുകൾ പ്രധാനപ്പെട്ടവയാണ്.
മടമ്പട്ടി മുതൽ സോമയാംപാളയം വരെയുള്ള 12.10 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ വരുന്നത്. 368 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 99 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. 54,55 ഹെക്ടർ ഭൂമിയാണ് ആവശ്യം. മൂന്നാം ഘട്ടം
പന്നിമട മുതൽ നരസിംഹനൈക്കൻപാളയം വരെയാണ്. 8.09 കിലോമീറ്റർ ദൂരം വരുമിത്. 36.41 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്ഥലത്തിൻ്റെ വില നിർണയം പൂർത്തിയായാൽ സ്ഥലം ഏറ്റെടുത്ത് സംസ്ഥാന ഹൈവേ അതോറിറ്റിക്ക് കൈമാറും. പ്രതീക്ഷിച്ച നിലയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചാൽ 2028 ഓടെ പാത പൂർണമായും തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications