'യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ്', പാർട്ടി തുറന്ന് കാട്ടപ്പെട്ടുവെന്ന് അലനും താഹയും
കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് അലന്‍ ഷുഹൈബും താഹ ഫസലും. പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയും അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ചായ കുടിക്കാന്‍ പോയപ്പോഴല്ല ഇരുവരെയും അറസ്റ്റ് ചെയ്തത് എന്നുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ബുദ്ധിമുട്ടുണ്ടാക്കിയെന്നും മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലനും താഹയും പറഞ്ഞു.
മുഖ്യമന്ത്രി നടത്തിയ ആ പരാമര്‍ശത്തിന് ശേഷം പാര്‍ട്ടിയുടെ നിലപാട് മാറിയെന്നും ജയിലിലെ ഉദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറാന്‍ ആരംഭിച്ചുവെന്നും അലനും താഹയും പറയുന്നു. ജയിലില്‍ വെച്ച് തങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിപിഎം അനുഭാവികളും ആര്‍എസ്എസ് അനുഭാവികളുമായ ഉദ്യോഗസ്ഥരാണെന്നും ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവും തോന്നിയില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളെ തെറിവിളിക്കാനും തങ്ങള്‍ക്ക് വരുന്ന പുസ്തകങ്ങള്‍ തരാതിരിക്കാനും തുടങ്ങിയെന്നും അലനും താഹയും പറഞ്ഞു.

യുഎപിഎ വിഷയത്തില്‍ തങ്ങളെ കേള്‍ക്കാതെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. മുഖ്യമന്ത്രി യുഎപിഎയെ ന്യായീകരിച്ചതോടെ പാര്‍ട്ടി തുറന്ന് കാണിക്കപ്പെട്ടു. പറയുന്നത് പ്രവര്‍ത്തിച്ച് കാണിക്കുകയെന്നത് എളുപ്പമല്ല. യുഎപിഎ അടക്കം പല വിഷയങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ ഉളളപ്പോള്‍ തന്നെ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും അലനും താഹയും വ്യക്തമാക്കി. ഇന്ത്യയിലാകെ സിപിഎം യുഎപിഎയ്ക്ക് എതിരെയാണ് എന്ന് പറയുകയും തങ്ങള്‍ ഭരിക്കുന്ന ഇടത്തൊക്കെ ഇത് ചാര്‍ത്തുകയും ചെയ്യുന്നുവെന്ന് അലന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ആദ്യമായി ഒരു യുഎപിഎ കേസ് എടുക്കുന്നത് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ആണെന്നും അലന്‍ ചൂണ്ടിക്കാട്ടുന്നു.
നീലയണിഞ്ഞ് അതി സുന്ദരിയായി പേളി മാണി; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കതിരൂര്‍ മനോജ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ടതോടെ മാത്രമാണ് സിപിഎമ്മിന് അതൊരു പ്രശ്‌നമായി തോന്നിയത് എന്നും അലന്‍ പറയുന്നു. പാര്‍ട്ടിക്കാരും പോലീസുകാരുമെല്ലാം ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വേട്ടയാടിയിട്ടുണ്ട്. തന്റെത് പാര്‍ട്ടി കുടുംബമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു സംഭവം കുടുംബത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും അലന്‍ പറയുന്നു. മാപ്പ് സാക്ഷിയാക്കാനുളള സമ്മര്‍ദ്ദം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. മറുവശത്ത് താഹ അല്ല മറ്റാരാണെങ്കിലും താനത് ചെയ്യില്ലായിരുന്നു. അത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും താനവിടെ ഒറ്റുകാരനാവുകയാണെന്നും അതിന് താന്‍ തയ്യാറല്ലെന്നും അലന്‍ പറഞ്ഞു. കൊവിഡിന്റെ പേരിൽ ദിവസങ്ങളോളും ഏകാന്ത തടവിലാക്കിയെന്നും ഇടുങ്ങിയ സെല്ലിലിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ നിനക്കൊക്കെ എന്തെങ്കിലും പറ്റിയാൽ തങ്ങൾക്കെന്താണ് എന്നാണ് പോലീസുകാർ പ്രതികരിച്ചത് എന്നും താഹ പറയുന്നു.












Click it and Unblock the Notifications