ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം: കേന്ദ്രത്തിനെതിരെ വിമർശനവുമായി ബ്രിട്ടാസ്
സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് കേന്ദ്രസർക്കാറെന്ന് സി പി എം നേതാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ഇന്നലെ രാജ്യസഭയിൽ എനിക്ക് ലഭിച്ച രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ നിഷേധ നിലപാട് വെളിവാകുന്നത്. കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള ഓണറേറിയത്തിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കണം എന്ന ആവശ്യം അംഗീകരിക്കുമോ എന്നതായിരുന്നു ഞാൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേരളസർക്കാർ ഏതാനും വർഷങ്ങൾക്കിടയിൽ പലതവണ വർദ്ധനവ് വരുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് നിലവിലുള്ള പദ്ധതി മാർഗ്ഗരേഖ പ്രകാരം പ്രതിമാസം 1,000/- രൂപ എന്ന നിരക്കിൽ വർഷത്തിൽ 10 മാസം ഓണറേറിയം നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്ന ചട്ടം ആവർത്തിച്ചതല്ലാതെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പോലും കേന്ദ്രം തയ്യാറായില്ല.

ഇതിൽ നിന്നും ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയത്തിലെ കേന്ദ്രവിഹിതം വർദ്ധിപ്പിക്കുന്നതിന് അനുകൂല നിലപാടല്ല എന്ന് മനസ്സിലാക്കാവുന്നതാണ്. കേന്ദ്ര പദ്ധതി വ്യവസ്ഥകൾ പ്രകാരം 1,000/- രൂപയാണ് തൊഴിലാളികൾക്കുള്ള പ്രതിമാസ ഓണറേറിയമായി നിശ്ചയിച്ചിരുന്നത്. ഇതിൽ 600/- രൂപ കേന്ദ്രവും 400/- രൂപ സംസ്ഥാനവും വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം ഒരു മാസം 23 അദ്ധ്യയന ദിവസങ്ങൾ ഉണ്ടെങ്കിൽ കേന്ദ്രത്തിന്റെ വകയായി പ്രതിദിനം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 26/- രൂപ മാത്രമാണ്. ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് അഞ്ചു തവണ സംസ്ഥാന വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
2016ൽ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിദിന ഓണറേറിയം 350/- രൂപയായിരുന്നത് അഞ്ചു തവണത്തെ വേതന പരിഷ്കരണത്തിലൂടെ 2022 മുതൽ 600/- രൂപ ആക്കി ഉയർത്തിയിട്ടുണ്ട്. ഇതുകൂടാതെ സ്കൂളുകളിൽ150 കുട്ടികൾക്ക് മുകളിലുണ്ടെങ്കിൽ ഒരു ദിവസം ഒരു കുട്ടിക്ക് ഇരുപത്തിയഞ്ച് പൈസ എന്ന നിലയിൽ പ്രതിദിനം പരമാവധി 75/- രൂപ വരെ അധികമായും സംസ്ഥാനം നൽകുന്നുണ്ട്. ഈ രീതിയിൽ കണക്കാക്കുകയാണെങ്കിൽ ഒരു മാസം 23 അദ്ധ്യയന ദിവസങ്ങളുണ്ടെങ്കിൽ 13,800/- മുതൽ 15,525/- രൂപ വരെയാണ് ഇപ്പോൾ പ്രതിമാസ ഓണറേറിയമായി സംസ്ഥാനത്ത് ലഭിക്കുക.
ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രവിഹിതം പ്രതിമാസം വെറും 600/- രൂപയാണ് എന്നതിന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രം തുടരുന്ന നിഷേധ നിലപാട് പുനഃപരിശോധിക്കണം ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത 600/- രൂപ എന്ന പ്രതിമാസ കേന്ദ്ര വിഹിതം അടിയന്തരമായി വർദ്ധിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..












Click it and Unblock the Notifications