'ജ്യോതീം വന്നില്ല, തീയും വന്നില്ല';പത്തനംതിട്ടയിൽ വൻ തോൽവിയായി അനിൽ ആന്റണി,മൂന്നാമത്
പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ജനപക്ഷം നേതാവായ പി സി ജോർജ് തന്റെ പാർട്ടിയെ ബി ജെ പിയിൽ ലയിച്ചത്. ഇതോടെ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി പിസി ജോർജ് ഉണ്ടാകുമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. അത്തരമൊരു മോഹം പിസിക്കുമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വോട്ട് ബാങ്കിനൊപ്പം തന്നെ തന്റെ ശക്തികേന്ദ്രമായ പൂഞ്ഞാറും കൂടി ഉൾപ്പെടുന്ന പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ അട്ടിമറി വിജയം നേടാനാകുമെന്ന് ജോർജ് പ്രതീക്ഷിച്ചു. ബി ജെ പി സംസ്ഥാന നേതൃത്വവും ജോർജ് സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു കണക്ക് കൂട്ടിയത്.
എന്നാൽ സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ച് കൊണ്ട് കൊണ്ട് കോൺഗ്രസ് വിട്ടെത്തിയ അനിൽ ആന്റണിയെ ബി ജെ പി ദേശീയ നേതൃത്വം പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ അനിലിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന വിലയിരുത്തലിലായിരുന്നു ദേശീയ നേതൃത്വത്തിന്റെ നീക്കം. മുന്‍ കോണ്‍ഗ്രസ് നേതാവ്, മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ, സഭയുമായുള്ള അടുപ്പം, ബി ഡി ജെ എസിനുള്ള സ്വീകാര്യത എന്നിവയെല്ലാം അനിൽ ആന്റണിക്ക് അനുകൂലമാകുമെന്ന് ദേശീയ നേതൃത്വം കണക്ക്കൂട്ടി.

അനിലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം സംസ്ഥാന -ജില്ലാ നേതൃത്വത്തിനിടയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ സാക്ഷാൽ കെ സുരേന്ദ്രൻ മത്സരിച്ചിട്ട് പോലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്ന പത്തനംതിട്ടയിൽ പാർട്ടി പ്രവർത്തകർക്ക് പോലും അറിയാത്ത അനിൽ ആൻറണി വന്ന് എന്ത് ചെയ്യാനാണെന്നായിരുന്നു നേതൃത്വം ചോദിച്ചത്. അപ്പോഴും അനിൽ മണ്ഡലത്തിൽ അത്ഭുതം ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദേശീയ നേതൃത്വം.
അനിലും മണ്ഡലത്തിൽ അമിത പ്രതീക്ഷയിലായിരുന്നു. നാലരലക്ഷം വോട്ടുകൾ നേടി മണ്ഡലത്തിൽ വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് തൊട്ട് പിന്നാലെ അനിൽ പ്രതികരിച്ചത്. 'മണ്ഡലത്തിൽ എന്റെ എതിർ സ്ഥാനാർത്ഥികൾക്കെതിരെ വലിയ ജനവികാരമാണ്. ഞാൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. നാലരലക്ഷം വോട്ടുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം അനിൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.
വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 30,000 വോട്ടിന്റെ ഭൂരിപക്ഷം താൻ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അനിൽ അവകാശപ്പെട്ടു. എൻഡിഎയ്ക്ക് 35 ശതമാനം വോട്ട് ലഭിക്കുമെന്നും അനിൽ പറഞ്ഞു. തോമസ് ഐസകിനെ മറികടന്ന് അനിൽ ആന്റണി രണ്ടാമത് എത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ കൂടി പ്രവചിച്ചതോടെ അനിൽ ആന്റണി കറുത്ത കുതിരയായേക്കുമെന്നായിരുന്നു ചർച്ചകൾ. എന്നാൽ ഫലം വന്നപ്പോൾ വെറും മുന്നാം സ്ഥാനം മാത്രമാണ് അനിലിന് നേടാൻ സാധിച്ചത്. 222109 വോട്ടുകളാണ് അനിലിന് ലഭിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ പോലും അനിലിന് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. അട്ടിമറി വിജയം പ്രതീക്ഷിച്ച ബിജെപി ദേശീയ നേതൃത്വത്തിന് മൂന്നാം സ്ഥാനമെന്ന തീർത്തും നിരാശപ്പെടുത്തിയ പ്രകടനമാണ് അനിലിന് നൽകാനായത്.












Click it and Unblock the Notifications