'ചേലക്കരയിലെ ജനം ആഗ്രഹിക്കുന്നത് കോൺഗ്രസ് വിജയം'; പാട്ടും പാടി വിജയിക്കുമോ? രമ്യ ഹരിദാസ് പറയുന്നു
ചേലക്കരയിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംപിയുമായ രമ്യ ഹരിദാസ്. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് കോൺഗ്രസിന്റെ വിജയമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ മികച്ച മത്സരം കാഴ്ചവെയ്ക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്നും ലഭിച്ച പിന്തുണയും സ്നേഹവുമായിരിക്കാം തന്നെ സ്ഥാനാർത്ഥിയായി പരിഗണിച്ചതിന് പിന്നിൽ. അത് തന്നെയാണ് തിരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതെന്നും രമ്യ ഹരിദാസ് വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'കെ പി സി സി വളരെ നേരത്തേ തന്നെ ചുമതല കൊടുത്ത് ഒരുപടി മുൻപേ തന്നെ ഏകീകരണവും ഏകോപനവും മണ്ഡലത്തിൽ നടത്തി കഴിഞ്ഞു. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സജീവ പ്രവർത്തനം നടക്കുന്നതിനിടയിലാണ് ഇപ്പോൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറ് വർഷക്കാലമായി എന്റെ പ്രവർത്തന മേഖല ആലത്തൂർ മണ്ഡലമാണ്. അതിൽ പെടുന്ന മണ്ഡലമാണ് ചേലക്കര. മണ്ഡലത്തിൽ ഓരോ വീട്ടിലും കയറി ചെന്നാൽ ആരാണെന്ന ചോദ്യം നേരിടേണ്ടി വരില്ല. അത്രയും പരിചയം ഉള്ള ആളുകളാണ് കൂടെയുള്ളത്. അവരുടെയെല്ലാം വലിയ പിന്തുണ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

ചേലത്തൂർ എന്നത് ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ നല്ലൊരു മത്സരം കാഴ്ചവെയ്ക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അത് തന്നെയായിരിക്കും തന്നെ വീണ്ടും പരിഗണിക്കാൻ നേതൃത്വം തീരുമാനിച്ചതിന് പിന്നിൽ. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് കോൺഗ്രസ് വിജയിക്കണമെന്നാണ്. അത് തന്നെയാണ് തിരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നത്.
മണ്ഡലത്തിൽ എ ഐ സി സി നേതൃത്വം നേരത്തേ തന്നെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കെ പി സി സി രണ്ട് പേരെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഇവരുടെ നേതൃത്വത്തിലുള്ള ബൂത്തതല സന്ദർശനം പൂർത്തിയായിട്ടുണ്ട്. സർക്കാർ തെറ്റായ വഴിയിലാണ് പോകുന്നതെന്നാണ് താഴെ തട്ടിലടക്കമുള്ള ജനങ്ങളുടെ വികാരം. ഇത് തിരഞ്ഞെടുപ്പിൽ പ്രകടമാകും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായി പ്രിയങ്ക ഗാന്ധി എത്തുമ്പോൾ നമ്മളെല്ലാവരും ആവേശത്തിലാണ്. പ്രീയങ്ക ഗാന്ധി മത്സരിക്കുമ്പോൾ മത്സരിക്കാൻ സാധിക്കൂവെന്ന ആവേശവും വലുതാണ്', രമ്യ ഹരിദാസ് പറഞ്ഞു.
1996 മുതൽ സി പി എം തുടർച്ചയായി മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് ചേലക്കര. കെ രാധാകൃഷനാണ് 2016 വരെ മണ്ഡലത്തിൽ നിന്നും സി പി എമ്മിന് വേണ്ടി വിജയിച്ചത്. 2016 ൽ അദ്ദേഹം മാറി നിന്നപ്പോൾ യു പ്രദീപ് മത്സരിച്ച് മണ്ഡലം നിലനിർത്തി. 2019 ൽ വീണ്ടും രാധാകൃഷ്ണൻ ചേലക്കരയിൽ തിരിച്ചെത്തി. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണൻ മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാധാകൃഷ്ണന് പകരക്കാരനായി യു പ്രദീപ് തന്നെയായിരിക്കും സി പി എമ്മിന് വേണ്ടി മത്സരിച്ചേക്കുക. 17ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.












Click it and Unblock the Notifications