പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
മലപ്പുറം: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസില്‍ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നുമാണ് കമ്മീഷൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നും ലീഗ് സ്ഥാനാർത്ഥിയുടെ വിജയം ചോദ്യം ചെയ്ത് കൊണ്ട് എതിർ സ്ഥാനാർത്ഥിയായ കെ പി മുഹമ്മദ് മുസ്തഫ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ ബുട്ടോലിയ ആണ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

മലപ്പുറം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ ഓഫിസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, ജോയിന്റ് റജിസ്ട്രാർ എസ് എൻ പ്രഭിത്ത്, പെരിന്തൽമണ്ണ സീനിയർ അക്കൗണ്ടന്റ് ആൻഡ് സബ് ട്രഷറർ എസ് രാജീവ്, സബ് ട്രഷറി ഓഫിസർ എൻ സതീഷ്കുമാർ എന്നീ നാല് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചത്. അന്ന് അപകാതകൾ ചൂണ്ടിക്കാട്ടി സ്പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഇതിനെതിരെ കെ പി എ മുസ്തഫ കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിരുന്നു. കേസ് പരിഗണിച്ച കോടതി പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടയിൽ പെട്ടികളിൽ ഒന്ന് കണ്ടെത്താനായിരുന്നില്ല.
തുടർന്ന് നടത്തിയ തെരച്ചിലിൽ മലപ്പുറം സഹകരണ രജിസ്റ്റര്‍ ഓഫീസില്‍ ഈ പെട്ടി കണ്ടെത്തുകയായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽനിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു ഇതിന് അധികൃതർ നൽകിയ വിശദീകരണം. ഇതിന് പിന്നാലെയായിരുന്നു ബാലറ്റുകൾ പരിശോധിക്കണമെന്ന ഹർജിയുമായി മുസ്തഫ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications