കർഷകൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാർ: കെ സുരേന്ദ്രൻ
തിരുവല്ല: കുട്ടനാട് ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിൻ്റെ മരണത്തിന് ഉത്തരവാദി പിണറായി വിജയൻ സർക്കാരാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കർഷകർക്ക് കേന്ദ്രം അനുവദിച്ച തുകയെങ്കിലും കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യ നടക്കില്ലായിരുന്നു. കർഷകർക്ക് വായ്പക്കായി ബാങ്കുകളെ സമീപിക്കാൻ കഴിയുന്നില്ല. കൊയ്തിട്ട നെല്ല് സർക്കാർ സമയത്ത് എടുക്കുന്നില്ല. ഏറ്റെടുത്ത നെല്ലിന് കാശ് കൊടുക്കാതെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രസാദിന് ചികിത്സ കൊടുക്കാൻ അധികൃതർ തയ്യാറായില്ല. മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കാമായിരുന്നു.
കേരളീയത്തിന് പൊടിക്കാൻ കാശുണ്ട്, കർഷകർക്ക് കൊടുക്കാൻ കാശില്ല എന്നതാണ് സ്ഥിതി. കർഷക ആത്മഹത്യക്ക് പിണറായി വിജയൻ മറുപടി പറയണം. ഇതൊരു കൊലപാതകം തന്നെയാണ്.
ഇത്ര മനസ്സാക്ഷിയില്ലാത്ത കണ്ണിൽ ചോരയില്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള യാത്രയ്ക്ക് ഇറങ്ങും മുൻപ് കർഷകരുടെ വീടുകളിൽ പോകണം. മുഖ്യമന്ത്രിയും മന്ത്രിമാരും ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ പോകണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സർക്കാർ ക്രൂരതയുടെ അവസാനത്തെ ഇര; വിഡി സതീശൻ
കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇനിയും സംസ്ഥാനത്തെ സര്‍ക്കാറിന്റെ സമീപനം ഇതാണെങ്കില്‍ ഇനിയും കര്‍ഷക ആത്മഹത്യയിലേക്ക് നയിക്കുന്ന സ്ഥിതിയാണ്.സർക്കാരിന്റെ സമീപനം ഇതാണെങ്കിൽ സ്ഥിതി ഗുരുതരമാകും.
സർക്കാർ ചിലവിൽ സിപിഎമ്മിന്റേയും ഇടതു മുന്നണിയുടേയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ് നവകേരള സദസ്. തെരെഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനങ്ങളെ സമീപിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ സർക്കാർ ചിലവിൽ പാടില്ല. സിപിഎമ്മിന്റേയോ ഇടതുമുന്നണിയുടേയോ ചിലവിൽ നടത്തണമെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications