ഭാര്യയും ഭര്‍ത്താവും മുറിയില്‍ കാണിക്കുന്നത് തെരുവില്‍ കാണിക്കരുത്: പിണറായി
തിരുവനന്തപുരം: തുടക്കത്തില്‍ ചുംബനസമരത്തിന് പിന്തുണ നല്‍കിയ പിണറായി വിജയനും ഒടുവില്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. സദാചാര പോലീസിനെതിരെയുള്ള സമരരീതി ഇതാണോ എന്നാണ് പിണറായി വിജയന്റെ ചോദ്യം.
ഭാര്യയും ഭര്‍ത്താവും മുറിയില്‍ വച്ച് കാണിക്കുന്നത് തെരുവില്‍ വച്ച് കാണിച്ചാല്‍ ജനം അംഗീകരിക്കില്ല. സദാചാര പോലീസിനെതിരെയുള്ള സമരരീതിയില്‍ മാറ്റം വരുത്തണോ എന്ന് സംഘാടകര്‍ തന്നെ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സദാചാര പോലീസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചുംബനസമരം അക്രമാസക്തമായിരുന്നു. സമരത്തിന് ഇടത് സംഘടനകള്‍ പിന്തുണ നല്‍കിയില്ലെന്ന് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഡിവൈഎഫ്‌ഐയും പാര്‍ട്ടിയും നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്.
ചുംബന സമരത്തെ ഇതുവരെ സിപിഎമ്മോ ഡിവൈഎഫ്‌ഐയോ പരസ്യമായി എതിര്‍ത്തിരുന്നില്ല. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സമരരീതികളാണ് അഭികാമ്യം എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ എംബി രാജേഷിനെ പോലുള്ളവര്‍ സമരത്തിന് പിന്തുണ നല്‍കിയിരുന്നു.
ചുംബനസമരത്തെ കായികമായി നേരിടാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചവരാണ് ഡിവൈഎഫ്‌ഐക്കാര്‍. എന്നാല്‍ സമരക്കാര്‍ക്ക് തല്ലുകിട്ടിയപ്പോള്‍ ആ പ്രദേശത്ത് പോലും ഡിവൈഎഫ്‌ഐ സഖാക്കളെ കണ്ടില്ല. കോഴിക്കോട്ടെ സമരത്തിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പൊതു സഥലത്ത് ഉമ്മവക്കുക എന്നത് മാത്രമല്ല തങ്ങളുടെ സമരത്തിന്റെ രീതിയും ലക്ഷ്യവും എന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പലവുരു വ്യക്തമാക്കിയതാണ്.












Click it and Unblock the Notifications