പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാരിന്റെ നടപടി വഞ്ചന: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇടതുസർക്കാർ കേരളത്തിലെ യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിക്കലും പെൻഷൻ പ്രായം ഉയർത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന പിണറായി വിജയൻ ഒരിക്കൽ കൂടി തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പരിഹസിച്ചു.

ഇത്രയും വലിയ യുവജനവിരുദ്ധതയ്ക്കെതിരെ പ്രതികരിക്കാത്ത ഡി വൈ എഫ് ഐയും എസ് എഫ് ഐയുമെല്ലാം പിരിച്ചുവിടുന്നതാണ് നല്ലത്. യുവാക്കൾക്കിടയിൽ പ്രവർത്തിക്കാൻ ഇവർക്കൊന്നും ഇനി അർഹതയില്ല. ഭരിക്കുന്ന മന്ത്രിമാരുടെ പെട്ടിതാങ്ങുന്നതും ഭാര്യമാരെ പിൻവാതിലിലൂടെ ജോലിയിൽ കയറ്റുന്നതും മാത്രമാണ് ഡി വൈ എഫ് ഐ നേതാക്കൻമാരുടെ രാഷ്ട്രീയ പ്രവർത്തനം. അനധികൃത നിയമനങ്ങളുടെ ഏജന്റുമാരായി മാറിയ ഇവർക്കൊക്കെ എങ്ങനെയാണ് പാവപ്പെട്ട യുവാക്കളുടെ അർഹമായ തൊഴിലിന് വേണ്ടി ശബ്ദമുയർത്താനാവുകയെന്നും സുരേന്ദ്രൻ ചോദിച്ചു. എ ഐ വൈ എഫിന്റെ എതിർപ്പ് കണ്ണിൽപ്പൊടിയിടാൻ മാത്രമുള്ളതാണ്. സി പി ഐ മന്ത്രിമാരോടാണ് എ ഐ വൈ എഫ് നേതാക്കൾ പ്രതിഷേധിക്കേണ്ടത്. അല്ലാതെ മാദ്ധ്യമങ്ങൾ മുന്നിൽ മുതലകണ്ണീർ ഒഴുക്കുകയല്ല വേണ്ടത്.
ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകൾ തല്ലിതകർക്കുന്ന തീരുമാനമാണ് ഇടതുസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. പി എസ് സിയെ നോക്കുകുത്തിയാക്കി നിയമനങ്ങളെല്ലാം കരാർ അടിസ്ഥാനത്തിലാക്കാനുള്ള പദ്ധതി നേരത്തെ തന്നെ സി പി എം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത്. വരും ദിവസങ്ങളിൽ എല്ലാ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കുന്ന രീതിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും സംസ്ഥാന സർക്കാർ ഇടെപടുന്നില്ല. അരിവില 65 ഉം 70 ഉം ആയി ഉയർന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണ്. ആന്ധ്രപ്രദേശിലെ അരിലോബിയെ സഹായിക്കാനാണ് സർക്കാരിന്റെ ശ്രമം. പൊതുവിതരണ സമ്പ്രദായത്തിലെ പാളിച്ചകളും പൊതുവിപണിയിൽ സർക്കാരിന്റെ ഇടപെടലിന്റെ പരാജയവുമാണ് വിലക്കയറ്റത്തിന്റെ മറ്റൊരു പ്രധാന കാരണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വാർത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications