'ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്നു'; വിമർശിച്ച് അബ്ദുറബ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്. ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ചിത്രീകരണമാണ് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘാടകരാരും ഇതിനെെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്നും അബ്ദുറബ് ചോദിച്ചു.'ഓങ്ങി നിൽക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത്നീട്ടിക്കൊടുക്കണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യമാണ്.'അതായത് കോയാ...നിങ്ങൾ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും', അബ്ദുറബ് ഫേ്സ്ബുക്കിൽ കുറിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ അരങ്ങേറിയ സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്‌കാരമാണ് വിവാദത്തിന് കാരണമായത്.സുരക്ഷ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചതിനെതിരെയാണ് വിമര്‍ശനം ഉയർന്നത്.
അബ്ദറബ് പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെഓർമ്മപ്പെടുത്തി 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും നിർത്താതെ കയ്യടിച്ചു.രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്കൂൾയുവജനോത്സവമാണ് വേദി, മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസ മന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം.
സ്വാഗത ഗാനത്തോടൊപ്പമുള്ള ചിത്രീകരണത്തിൽ തലയിൽകെട്ട് ധരിച്ച ഒരാൾ വരുന്നു. തീർത്തും മുസ്ലിം വേഷധാരിയായ അയാളെ ഭീകരവാദിയെന്നു തോന്നിപ്പിക്കും വിധമാണ് ചിത്രീകരണം. ഒടുവിൽ പട്ടാളക്കാർ വന്നു അയാളെ കീഴ്പ്പെടുത്തുന്നതാണ് രംഗം.
ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന
ഈ ചിത്രീകരണം നടക്കുമ്പോൾ സംഘാടകരോട് തിരിഞ്ഞു നിന്നു
ചോദിക്കാൻ ആരുമുണ്ടായില്ല. ഓങ്ങി നിൽക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. 'അതായത് കോയാ...നിങ്ങൾ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ!', പോസ്റ്റിൽ പറഞ്ഞു.
പി കെ ഗോപിയാണ് സ്വാഗത ഗാനം രചിച്ചത്. സംഗീത സംവിധാനം കെ സുരേന്ദ്രൻ മാസ്റ്ററും നൃത്ത സംവിധാനം ഡോ. ലജനയുമാണ് നിർവഹിച്ചത്. കനകദാസ് പേരാമ്പ്ര സംവിധാനം നിർവഹിച്ച പരിപാടി മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്ട്സ് ആയ മാതാ പേരാമ്പ്രയാണ് വേദിയിൽ അവതരിപ്പിച്ചത്.
ക്യാപ്റ്റൻ വിക്രമിന് അഭിവാദ്യമർപ്പിച്ചാണ് നൃത്തം തുടങ്ങിയത്. കോഴിക്കോടിന്റെ നന്മ, അതിഥികളെ സ്വീകരിക്കുന്ന കോഴിക്കോടിന്റെ നല്ല മനസ്, നൃത്തവും സംഗീതവും സാഹിത്യവും തമ്മിൽ കോഴിക്കോടിനുള്ള ബന്ധം എന്നിവ ഉൾക്കൊള്ളിച്ചുള്ളതാണ് പി കെ ഗോപിയുടെ കവിത.അതേസമയം സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയ സതീഷ് ബാബു എന്നയാൾ ആർ എസ് എസ് അനുഭാവിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications