വല്ലാത്തൊരു അവസ്ഥയാണ് ഇവിടെ, എങ്ങും സങ്കടക്കാഴ്ചകള്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: പികെ ഫിറോസ്
മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ എത്രയും പെട്ടെന്ന് തന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്. ഇതുപോലെ ഒരു ദുരന്തം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. അതീവ ദയനീയമാണ് സാഹചര്യം. ഇരുന്നൂറിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നത് തന്നെ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുവെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
മേപ്പാടി സിഎച്ച്സിയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കാത്തിരിക്കുന്ന ദുരന്തബാധിതരുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ഉണ്ട്. അങ്ങനെ പ്രഖ്യാപിക്കുകയാണെങ്കില്‍ ദുരന്തബാധിതർക്ക് കൂടുതല്‍ സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. അതുകൊണ്ട് ദേശീയ ദുരന്തപ്രഖ്യാപനം വൈകാന്‍ പാടില്ലെന്നും പികെ ഫിറോസ് പറയുന്നു.

"വല്ലാത്തൊരു അവസ്ഥയാണ്. നഷ്ടപ്പെട്ട ആളുകളുടെ മക്കളേയും മാതാപിതാക്കളേയും ഉറ്റവരേയുമൊക്കെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നേക്ക് മൂന്നാം ദിവസമായി. കിട്ടുന്ന മൃതദേഹങ്ങളില്‍ അതിന്റെതായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ തിരിച്ചറിയാനായി ശാസ്ത്രീയ പരിശോധന വേണ്ടി വരും. വല്ലാത്ത ഒരു അവസ്ഥയാണ്" അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവരുണ്ട്. രക്ഷപ്പെട്ടു എന്ന് പറയുമ്പോള്‍ അവരുടെ ജീവന്‍ മാത്രം രക്ഷപ്പെട്ടു. ബാക്കി ഉറ്റവരും ഉടയവരുമൊക്കെ പോയി. അവരുടെ മെന്റല്‍ ട്രോമ എന്ന് പറയുന്നത് പറഞ്ഞ് അറിയിക്കാന്‍ സാധിക്കില്ല. ഉരുള്‍ പൊട്ടലിന്റെ ആ ഒരു ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുകയാണ്. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ കഴിയില്ലെന്ന് അവർ പറയുന്നു.
ഞങ്ങള്‍ ഇപ്പോള്‍ ഒരു മകളെ കണ്ടിരുന്നു. അവർക്ക് ഉമ്മയേയും സഹോദരിയേയും നഷ്ടപ്പെട്ട കാര്യം അറിയില്ല. അത്തരത്തില്‍ സങ്കടകരമായ ഒരുപാട് കാഴ്ചകളാണ് ഇവിടെ ചുറ്റിലുമുള്ളത്. അവരെയെല്ലാം ചേർത്ത് പിടിക്കുക എന്നുള്ളതാണ് നമുക്ക് ഈ അവസരത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യം. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ ഇവിടെയെത്തി സഹായം ചെയ്യുന്നുവെന്നും പികെ ഫിറോസ് വ്യക്തമാക്കുന്നു.
അതേസമയം, ഉരുള്‍പൊട്ടല്‍ രക്ഷാ ദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആര്‍ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി.












Click it and Unblock the Notifications