വിമതരുടെ സമ്മേളനത്തിൽ പങ്കെടുത്ത് പികെ ശശി; പിന്നാലെ കടക്ക് പുറത്ത് പറഞ്ഞ് സിപിഎം, ഇനിയെന്ത്?
പാലക്കാട്: ജില്ലയിലെ പ്രമുഖ നേതാവായ പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പികെ ശശിക്കെതിരെ നേതൃത്വം ഒടുവിൽ കടുത്ത നടപടിയെടുത്തത്. നേരത്തെ തന്നെ ശശിയും പാർട്ടിയും തമ്മിൽ കടുത്ത ഭിന്നതയിൽ ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ന് നടന്ന വിമത കൺവെൻഷനിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് പികെ ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത വരുന്നത്. പാലക്കാട്ടെ സിപിഎം വിമതരുടെയും അസംതൃപ്‌തരുടെയും കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌തത് പികെ ശശിയായിരുന്നു. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിൽ വച്ചാണ് കൺവൻഷൻ നടന്നത്. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ ഇവിടെ പ്രവർത്തകർ സ്വീകരിച്ചത്.

സിപിഎമ്മിലെ അസംതൃപ്‌തരുടെ കൂട്ടായ്‌മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പികെ ശശി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിമതരുടെ കൺവെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നതെന്നും ഞങ്ങൾ ഒരിക്കലും ഇതിന് ആഗ്രഹിച്ചതല്ല എന്നും പികെ ശശി വേദിയിൽ പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവൻഷനിൽ പികെ ശശി നടത്തിയത്. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തിയെന്നായിരുന്നു ശശിയുടെ വാക്കുകൾ. ജില്ലാ സെക്രട്ടറി സ്‌പിരിറ്റ് കച്ചവടക്കാരനാണ്. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ താൻ തുടരാനില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണെന്നും ശശി പറയുന്നു.
ഇതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നെങ്കിൽ ആക്കട്ടെ എന്നും ശശി പറഞ്ഞിരുന്നു. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടുവെന്നും ചിലരെ തരം താഴ്ത്തിയെന്നും മുൻ എംഎൽഎ കൂടിയായ പികെ ശശി ആരോപിച്ചു. ചിലരെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
'ഈ ലോകത്ത് ഇങ്ങനെയൊരു ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല. 2 പേരെ ലോഹ്യത്തിൽ കണ്ടാൽ അവരെ തമ്മിൽ തെറ്റിക്കും. എല്ലാ ഏരിയ കമ്മിറ്റിയിലും പങ്കെടുത്ത് പ്രശ്‌നമുണ്ടാക്കും. സുരേഷ് ബാബുവിനെ കൊണ്ട് രക്ഷയില്ലാതെ മറ്റ് പാർട്ടികളിൽ പോയവരുണ്ട്. 5 വർഷം കൊണ്ട് ഇത്രയധികം പേരെ വിരോധികളാക്കി കൊണ്ടുള്ള മറ്റൊരു സെക്രട്ടറി വേറെയില്ല. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല' പികെ ശശി പറഞ്ഞു.
അതേസമയം, കഴിഞ്ഞ രണ്ട് വർഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പികെ ശശി കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം ഉൾപ്പെടെ രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് ഫലമുണ്ടായില്ല. പികെ ശശിയുടെ രാജി പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണ് നേതാക്കൾ തന്നെ പറയുന്നത്, അതിനിടയിലാണ് പുറത്താക്കൽ നടപടി ഉണ്ടായത്.
നിലവിലെ സാഹചര്യത്തിൽ പാലക്കാട് ഏറെ ജനപിന്തുണയുള്ള പികെ ശശി മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറുമോ എന്നാണ് കണ്ടറിയേണ്ടത്. അതിനിടെ ഒരു ഘട്ടത്തിൽ പികെ ശശി കോൺഗ്രസിലേക്ക് ചേക്കേറുമെന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തോ ഷൊർണൂരോ അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും വിവരമുണ്ട്.












Click it and Unblock the Notifications