Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിമങ്ങാത്ത ഓര്‍മകളില്‍ പ്ലിമത്ത് മുത്തശ്ശി; പ്രായം ഏഴ് പതിറ്റാണ്ട്

തൃശൂര്‍: മധുരസ്മൃതികളും സ്‌തോഭനിര്‍ഭരമായ അനുഭവങ്ങളും മനസില്‍ സൂക്ഷിച്ച് പ്ലിമത്ത് മുത്തശ്ശിയുടെ വിശ്രമജീവതത്തിന് പ്രായം ഏഴ് പതിറ്റാണ്ട്. തൃശൂര്‍ മര്‍ത്ത് മറിയം പള്ളിയിലെ അരമനയോട് ചേര്‍ന്നുള്ള വളപ്പില്‍ പോയ്മറഞ്ഞ ഓര്‍മകളില്‍ മനസ് സമര്‍പ്പിച്ച് കഴിയുകയാണ് ഇംഗ്ലീഷ് വംശജയായ ഈ കാര്‍. 1952ലാണ് ഇംഗ്ലണ്ടില്‍നിന്ന് കടല്‍മാര്‍ഗം കാര്‍ ഇന്ത്യയിലെത്തിയത്. അന്നത്തെ കല്‍ദായ മെത്രാപ്പോലീത്ത മാര്‍ത്തോമാ ധര്‍മ്മോയുടെ ഉപയോഗത്തിനായാണ് കാര്‍ കപ്പല്‍മാര്‍ഗം വരുത്തിയത്. കേവലം 16 വര്‍ഷം മാത്രമാണ് തൃശൂരിന്റെ നിരത്തുകളില്‍ സവാരി നടത്താനുള്ള ഭാഗ്യം കാറിനുണ്ടായത്.

ഇറാഖില്‍വെച്ച് 1969ല്‍ മെത്രാപ്പോലീത്ത കാലം ചെയ്തതോടെ കാറ് ധ്യാനാവസ്ഥയിലുമായി. 1952 ജൂണിലാണ് പ്ലിമത്തിനെയും വഹിച്ചുകൊണ്ടുള്ള ആവിക്കപ്പല്‍ ബോംബെ തീരമണഞ്ഞത്. മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ഡ്രൈവറായിരുന്ന തൃശൂര്‍ സ്വദേശി കേശവനാണ് ബോംബെ മുതല്‍ തൃശൂര്‍വരെ കാര്‍ ഓടിച്ചെത്തിച്ചത്. ഇന്നത്തെപ്പോലെ എയര്‍ കണ്ടീഷന്‍ സംവിധാനമൊന്നും അന്ന് കാറിലില്ലായിരുന്നു. എങ്കിലും രാജകീയ സവാരിക്ക് ചേര്‍ന്ന കാലാനുസൃതമായ എല്ലാം കാറില്‍ ഒരുക്കിയിരുന്നു. 1968ല്‍ മെത്രാപ്പോലീത്ത ഇറാക്കിലേക്ക് തിരിക്കുംവരെ അദ്ദേഹത്തിന്റെ നിത്യസഹചാരിയായിരുന്നു. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വിയോഗത്തോടെ പിന്തുടര്‍ച്ചാവകാശിയില്ലാത്തതുപോലെ അരമനയുടെ അങ്കണത്തില്‍ വിശ്രമത്തിലായി.

plymouth car

പിന്നാലെ സഭാ സംബന്ധമായ തര്‍ക്കങ്ങളും കോടതീയും കേസുകെട്ടുമൊക്കെയായുള്ള കാലത്ത് കാര്‍ അവകാശത്തര്‍ക്കത്തിന്റെ ഭാഗമായും മാറിയിരുന്നു. അക്കാലത്തെല്ലാം ഒരു നീണ്ട യാത്രയും സ്വപ്നം കണ്ട് അരമന മുറ്റത്ത് കഴിഞ്ഞു കൂടാനായിരുന്നു കാറിന്റെ നിയോഗം. അക്കാലത്ത് തൃശൂരില്‍ ഈയൊരു വിദേശ കാറ് മാത്രമാണുണ്ടായിരുന്നത്. മെത്രാപ്പോലീത്ത നഗരത്തില്‍ കാറില്‍ സഞ്ചരിക്കുന്നത് വഴിപോക്കര്‍ ഏറെനേരം കണ്‍പാര്‍ത്ത് നില്‍ക്കുമായിരുന്നതായി പഴമക്കാര്‍ ഓര്‍മിക്കുന്നു. കെ.എല്‍.ആര്‍. 1246 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറിന്റെ ചലനക്ഷമത ലിറ്ററിന് നാല് കിലോമീറ്ററിനു താഴെയാണ്. മൈലേജ് കുറവാണെന്നതു തന്നെ കാറ് കൈയിലിരിക്കുന്നത് ചെലവേറുന്ന കാര്യമായി മാറി. സഭയിലെ വഴക്കും കോടതിയും കേസുമൊക്കെ കഴിഞ്ഞപ്പോഴേക്കും കാറിന് പഴയ വീര്യം ചോര്‍ന്നു തുടങ്ങിയിരുന്നു.

പഴയ പ്രഭാവം കാക്കാനാകാതെ അകാല വാര്‍ധക്യം ബാധിച്ചതുപോലെയായി കാറിന്റെ തുടര്‍ന്നുള്ള നാളുകള്‍. ഇതിനിടയിലാണ് പഴയ കാറുകളോട് കമ്പം കയറിയ തൃശൂരിലെ ഒരു വ്യവസായി കാറ് വിലയ്ക്കു വാങ്ങിയത്. കൂട്ടിയാല്‍കൂടാതെ വന്നതോടെ അയാളും കാര്‍ പള്ളിയില്‍ത്തന്നെ തിരികെ എത്തിക്കുകയായിരുന്നു. പഴക്കത്തിനൊപ്പം ചെലവും ദിനംപ്രതി ഏറി വരുന്നതിനെ കാര്യമാക്കാതെ കാറിന് വേണ്ട പരിചരണം നല്‍കി സൂക്ഷിക്കുവാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം രൂപ ചെലവിട്ട് കാറ് കേടുപാടുകള്‍ തീര്‍ത്തു. പഴകി തുരുമ്പിച്ച ഭാഗങ്ങളെല്ലാം മാറ്റി ആദ്യമുണ്ടായിരുന്നു ഗോള്‍ഡന്‍ നിറവും പൂശി നവീകരിച്ചു. പറപ്പള്ളി ലെയ്‌നില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടീസ് വര്‍ക്‌ഷോപ്പിലെ സാമുവേലാണ് കാറിന്റെ നവീകരണം നടത്തിയത്. സഭാ ചരിത്രത്തിനൊപ്പം സവാരി നടത്തിയ പ്ലിമത്ത് ഒരു സ്മാരകം എന്ന നിലയില്‍ത്തന്നെ പരിപാലിച്ചു സൂക്ഷിക്കാനാണ് പള്ളി അധികാരികളുടെ തീരുമാനം. അതിനായി അരമനയുടെ പുറകിലായി പ്രത്യേക ഷെഡ്ഡും മറ്റും പണി പൂര്‍ത്തിയായി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+