'കൈതോലപ്പായയിലെ കോടികള്‍'; ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കൊണ്ടുപോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ശക്തിധരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാന്റെ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം. ഡി ജി പിക്കായിരുന്നു പരാതി നല്‍കിയത്. തിരുവനന്തപുരം ഡി സി പി അജിത് കുമാറാണ് കേസ് അന്വേഷിക്കുന്നത്. സി പി എമ്മിലെ ഉന്നതന്‍ ഭീമമായ തുക കൈക്കൂലി വാങ്ങി പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍.
'ദേശാഭിമാനി ഓഫിസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. 'ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു'- ശക്തിധരന്‍ ആരോപിക്കുന്നു.

അതേസമയം, സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ശക്തിധരന്‍. തിരുവനന്തപുരം തൊട്ട് ടൈംസ് സ്‌ക്വയര്‍ വരെ പേര് കേട്ടയാളും ഇപ്പോള്‍ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താന്‍ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരന്‍ ആരോപണം ഉന്നയിച്ചത്.
സി പി എമ്മിനെതിരായ രാഷ്ട്രീയ വിമര്‍ശനം ശക്തമായിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതികളില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ മുമ്പ് തന്നെ കോണ്‍ഗ്രസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ കേസെടുക്കാതെ സര്‍ക്കാരും മുഖ്യമന്ത്രിയും മൗനം തുടരുകയായിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ ആളുകളില്‍ നിന്നും ശേഖരിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസില്‍ വച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തല്‍.
'ജാഥ നടത്തുന്ന സമയത്ത് കലൂരിലെ ദേശാഭിമാനിയില്‍ രണ്ട് ദിവസം താമസിക്കാന്‍ സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാരുമല്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇത് കൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവര്‍ത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തയാളുടേതാണ് ഈ വെളിപ്പെടുത്തല്‍. അതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?- വി ഡി സതീശന്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications