വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്; പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കാന്‍ നീക്കം
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍, നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനാണ് പൊലീസിന്റെ ശ്രമം. വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ് ഉള്ളത്. ഏപ്രില്‍ 22 നാണ് നടിയുടെ പരാതി പൊലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ വിജയ് ബാബു ഗോവയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ഏപ്രില്‍ 24 ന് ബെംഗളൂരുവിലേക്ക് എത്തി അനിടെ നിന്ന് ദുബായിലേക്ക് കടന്നുകളയുകയായിരുന്നു.
വിജയ് ബാബുവിന്റെ എമിഗ്രേഷന്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദുബായിലുള്ള വിജയ് ബാബുവിനെ രാജ്യത്തേക്ക് തിരിച്ച് എത്തിക്കണം എങ്കില്‍ നയതന്ത്രപരമായ നടപടികള്‍ ആവശ്യമാണ്. അന്വേഷണവുമായി സഹകരിക്കാന്‍ വിജയ് ബാബു തയാറായില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടന്നത് തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നത് വിമര്‍ശനത്തിനിടയാക്കിയതോടെ വിജയ് ബാബുവിനെ പെട്ടെന്ന് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്.

വിമാനത്താവളങ്ങളിലെല്ലാം പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടിണ്ട്. നേരത്തെ കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. മേയ് 16 നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലനില്‍ക്കുന്നത് കൊണ്ട് മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ വിജയ് ബാബു അറസ്റ്റിലാകും എന്നതിനാല്‍ ഇത് ഒഴിവാക്കാനാകും നടന്‍ ശ്രമിക്കുകയെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വന്നതിന് ശേഷമേ വിജയ് ബാബു കീഴടങ്ങാന്‍ സാധ്യതയുള്ളൂ.

അതേസമയം പരാതിക്കാരിയുടെ മൊഴികളില്‍ പറയുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം പരാതിക്കാരിയും വിജയ് ബാബുവും കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരും ഹോട്ടല്‍ ജീവനക്കാരുമടക്കം 8 പേരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിജീവിതയെ സ്വാധീനിക്കാനും സമ്മര്‍ദത്തിലാഴ്ത്താനും വിജയ് ബാബു ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തലും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കടവന്ത്രയിലെ ആഢംബര ഹോട്ടലും ഫ്‌ളാറ്റുമുള്‍പ്പെടെ 5 സ്ഥലങ്ങളില്‍ പരാതിക്കാരിയും വിജയ് ബാബുവും ഒരുമിച്ച് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെ 5 സ്ഥലങ്ങളില്‍ വെച്ചാണു പീഡനം നടന്നതെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഒരു മാസത്തോളം വിജയ് ബാബുവില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനം നേരിടേണ്ടി വന്നെന്നും മദ്യം നല്‍കി പലപ്പോഴും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വിജയ് ബാബുവിനെതിരെ ആദ്യം പരാതി നല്‍കിയ നടി ആരോപിക്കുന്നത്.

തന്റെ നഗ്ന വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പുറത്തുവിട്ട് തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്ന് വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്നുമാണ് നടി പറയുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇതിന് പുറമെ ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്.

അതിനിടെ, വിജയ് ബാബുവിന് എതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിജയ് ബാബുവിനെതിരെ യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ പ്രകാരം സിനിമാ മേഖലയില്‍ തന്നെയുള്ളയാളാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. മുന്‍പരിചയമൊന്നുമില്ലാഞ്ഞിട്ടും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വിജയ് ബാബു തന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതിയിലുള്ളത്.
ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക












Click it and Unblock the Notifications