മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തി പോലീസ്; പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ്
കൊച്ചി: ലൈംഗിക പീഡന കേസിൽ എം എൽ എ മുകേഷിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ്. മരടിലുള്ള വില്ലയിലാണ് പോലീസ് എത്തിയത്. പരാതിക്കാരിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ അന്വേഷണ സംഘം മുകേഷിന്റെ വസതിയിൽ എത്തിയിരുന്നു. എന്നാൽ വീടിന്റെ താക്കോൽ മുകേഷ് കൈമാറിയിരുന്നില്ല. തുടർന്ന് അന്വേഷണ സംഘം തിരികെ പോകുകയായിരുന്നു.
അതേസമയം കേസിൽ മുകേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ന് സി പി എം അറിയിച്ചത്. കുറ്റകൃത്യങ്ങളിൽ പ്രതിയായ രാജ്യത്തെ എംഎൽഎമാരുടേയും എംപിമാരുടേയും കണക്കുകൾ അടക്കം നിരത്തിയായിരുന്നു ഇത് സംബന്ധിച്ച് സിപിഎം വിശദീകരിച്ചത്. 'രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. ബിജെപി 54, കോൺഗ്രസ് 23, ടിഡിപി 17, എഎപി 13 എന്നിങ്ങനെ വിവിധ കക്ഷികളിൽ ഉള്ളവർ പ്രതികളായിട്ടുണ്ട്. അവർ ആരും എംപി, എംഎൽഎ സ്ഥാനങ്ങൾ രാജിവെച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ രണ്ട് എംഎൽഎമാർക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിൽ തന്നെ കിടന്നിട്ടുണ്ട്.
കുറ്റം ആരോപിക്കപ്പെട്ടവർ എം എൽ എ സ്ഥാനം രാജിവെച്ചാൽ കുറ്റവിമുക്തരാണെന്ന് തെളിയിക്കപ്പെടുന്ന സാഹചര്യം വന്നാൽ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ല. അതുകൊണ്ട് തന്നെ സാമാന്യ നീതിനിഷേധിക്കലാകും. അതിനാൽ എം എൽ എ സ്ഥാനം അദ്ദേഹം രാജിവെയ്ക്കേണ്ടതില്ലയെന്നാണ് ഇന്ന് സംസ്ഥാന സമിതിക്ക് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.

എന്നാൽ നയരൂപീകരണ സമിതിയിൽ അദ്ദേഹം അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേസ് അന്വേഷണത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും ആനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും എംവി ഗോവിന്ദൻ അറിയിച്ചു.അതേസമയം തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് മുകേഷിന്റെ വാദം. തനിക്ക് അനുകൂലമായ തെളിവുകള്‍ കൈയ്യിലുണ്ടെന്നും മുകേഷ് വാദിക്കുന്നു. കഴിഞ്ഞദിവസം മുൻകൂർ ജാമ്യത്തിനുള്ള നടപടികളും മുകേഷ് ആരംഭിച്ചിട്ടുണ്ട്. മുകേഷ് വെള്ളിയാഴ്ച കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നു.
അതിനിടെ മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരി മജിസ്ട്രേര്റിന് മുന്നിൽ വിശദമായ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് രഹസ്യ മൊഴി നൽകിയത്.മൊഴിയിൽ താൻ ഉറച്ച് നിൽക്കുകയാണെന്നും അവർ പറഞ്ഞു. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണയെന്നും തനിക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.












Click it and Unblock the Notifications