സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് നടിയുടെ പരാതി; രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു
കൊച്ചി: നടിയുടെ പരാതിയിൽ റാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് പോലീസ് നടപടി ഉണ്ടായിരിക്കുന്നത്. കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. നടി നൽകിയ ആദ്യ പരാതിയിൽ പോലീസ് കേസെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നിരന്തരം അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയത്. ഇതിലാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത 79, ഐടി ആക്‌ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടി നൽകിയ ആദ്യ പരാതിയിലെ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കേസ് പരിഗണിക്കവെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.

നടിയുടെ വസ്ത്രധാരണ രീതിയെ ടെലിവിഷൻ ചർച്ചകളിൽ രാഹുൽ ഈശ്വർ നിരന്തരം വിമർശിച്ചിരുന്നു. തനിക്കെതിരെ നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നു എന്ന നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ നേരത്തെ അറസ്‌റ്റിലായിരുന്നു. പിന്നീട് ബോബി ചെമ്മണ്ണൂരിനെ റിമാൻഡിൽ വിടുകയും ചെയ്‌തിരുന്നു. എന്നാൽ അപ്പോഴൊന്നും രാഹുലിനെതിരെ പോലീസ് കേസെടുത്തിരുന്നില്ല.
അതേസമയം, തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് രാഹുൽ ഈശ്വർ ഇതിനോട് പ്രതികരിച്ചത്. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് നടിക്കെതിരെ മാനനഷ്‌ട കേസ് നൽകുമെന്നുമാണ് രാഹുൽ ഈശ്വർ വ്യക്തമാക്കുന്നത്. തന്റെ വാക്കുകളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്.
നേരത്തെ രാഹുലിനെതിരെ കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള വകുപ്പുകള്‍ പരാതിയിൽ ഇല്ലെന്നായിരുന്നു പോലീസ് അറിയിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കോടതി മുഖേന പരാതി നല്‍കാമെന്നും പോലീസ് നടിയെ അറിയിച്ചിരുന്നു. നടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ സമർപ്പിച്ച കോടതി പരിഗണിക്കവെ ആയിരുന്നു പോലീസ് ഇക്കാര്യം അറിയിച്ചത്.
താനും തന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും നടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ നേരത്തെ ആരോപിച്ചിരുന്നു. തന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, അശ്ലീല, ദ്വയാർഥ, അപമാന കുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരൻ രാഹുലാണെന്നും നടി പറഞ്ഞിരുന്നു.












Click it and Unblock the Notifications