പൂഞ്ഞാർ സംഭവം; 'കേസ് പിൻവലിക്കാതെ വോട്ടില്ല', സിപിഎമ്മിന് മുന്നറിയിപ്പുമായി മുസ്ലീം നേതാക്കൾ
കോട്ടയം: പൂഞ്ഞാർ സംഭവത്തിൽ സി പി എം നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്‌ലിം മത നേതാക്കൾ. വിദ്യാർത്ഥികൾക്കെതിരായ കേസ് പിൻവലിക്കാതെ ആർക്കും വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പിൽ വീട്ടിലിരുത്തിയ ചരിത്രം മുസ്ലീം ഈരാറ്റുപേട്ടയിൽ നടപ്പാക്കിയിട്ടുണ്ടെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി പറഞ്ഞു.
സിവിൽ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി നൽകിയ വിവാദ റിപ്പോർട്ട് പിൻവലിച്ചെന്ന മന്ത്രിയുടെ മറുപടിയല്ല വേണ്ടത്. അതിന്റെ രേഖ കാണിക്കാൻ തയ്യാറാകണമെന്നും കേരള ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ്, പി ഇ മുഹമ്മദ് സക്കീർ വ്യക്തമാക്കി. പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർഥി തോമസ് ഐസക്ക്, കെ ടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് എന്നിവരെ സാക്ഷിയാക്കിയായിരുന്നു മുസ്‌ലിം നേതാക്കളുടെ പ്രതികരണം.

ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് കോട്ടയം ഈരാറ്റുപേട്ടക്കടുത്ത പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന പള്ളിയിലായിരുന്നു വിവാദമായിരുന്നു സംഭവം നടന്നത്. പള്ളിമുറ്റത്ത് ബൈക്ക് റേസിങ് നടത്തിയപ്പോൾ ശബ്ദംമൂലം ആരാധന തടസപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് ചോദിക്കാന്‍ പുറത്തിറങ്ങിയ അസിസ്റ്റന്റ് വികാരി ഫാ തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് ഒരുകൂട്ടം യുവാക്കള്‍ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ പ്രായ പൂത്തിയാകാത്തവരടക്കം പ്ലസ് ടു വിദ്യാർത്ഥികളായ 27 പേരെ വധശ്രമ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സംഭവത്തിൽ അതിരൂക്ഷവിമർശനമായിരുന്നു മുഖ്യമന്ത്രി ഉയർത്തിയത്. വൈദികനു നേരെ ഉണ്ടായ ആക്രമണം തെമ്മാടിത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വൈദികനു നേരെ വണ്ടികയറ്റിയതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഒരു വിഭാഗക്കാരെ മാത്രം പോലീസ് തിരഞ്ഞ് പിടിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications