5 വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കും; ജീവിത നിലവാരം ഉയർത്തും;പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം; പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉൻമൂലനം ചെയ്യും. ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Recommended Video

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടതായി മുഖ്യമന്ത്രി പറഞ്ഞു.. ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.പാര്‍പ്പിടമെന്നത് മനുഷ്യന്‍റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിത്. എല്ലാവര്‍ക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലൂടെയും മറ്റും ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍.
ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഒപ്പം ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡിസ്കിനെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്‍റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ തടസ്സമുണ്ടാകാന്‍ പാടില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും.
ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.വ്യവസായമേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്.അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്‍റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.
മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകളെ കണ്ടെത്തി അവിടെ നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും.വികേന്ദ്രീകൃതമായ തൊഴിലിനും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും (വര്‍ക്ക് ഫ്രം ഹോം) ഉള്ള അനേകം അവസരങ്ങള്‍ ഐടി നല്‍കുന്നുണ്ട്. ഐടി മേഖലയിലേക്ക് ഉയര്‍ന്ന തോതില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധ്യത ഇത് തുറന്നുവെക്കുന്നുണ്ട്. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവര്‍ക്ക് അനുയോജ്യമായ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കുന്നതിനും ഉള്ള പ്രത്യേക പരിപാടികള്‍ നടപ്പാക്കും.
കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളുടെയും പൂര്‍ത്തീകരണം സാധ്യമാക്കും.വ്യവസായ ഇടനാഴിക്കനുബന്ധമായി ഹൈ ടെക്നോളജി മാനുഫാക്ചറിങ് അഗ്രോ പ്രൊസസിങ്, ഐടി, ബയോ ടെക്നോളജി, ലൈഫ് സയന്‍സസ് എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും.
പെട്രോ കെമിക്കല്‍സ്, സ്പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പോളിമേഴ്സ്, ഫൈബര്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന സംരംഭകര്‍ക്ക് മികച്ച സാധ്യതകള്‍ കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ സാധ്യമാക്കും. എഞ്ചിനീറിങ്, പെട്രോ കെമിക്കല്‍സ്, പോളിമര്‍ ടെക്നോളജി, റബ്ബര്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കും.
സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കുന്നതിനും ഹൈ ടെക്നോളജി സംരംഭത്തിലേര്‍പ്പെടുന്നതിനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുംപ്രോത്സാഹനം നല്‍കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍ സഹകരിക്കും.
കേന്ദ്ര സര്‍ക്കാരിന്‍റെ ഉദാവരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കപ്പെടുന്ന പ്രധാന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയ - അമിതാധികാര ശക്തികളും ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ദേശീയതലത്തില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് ബദല്‍ സമീപനം മുന്നോട്ടുവെയ്ക്കും. പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒരു പ്രധാന മേഖല ഉന്നതവിദ്യാഭ്യാസം ആയിരിക്കും.
ഓരോ വിജ്ഞാന ശാഖയുടെയും കാര്യക്ഷമത പരിപോഷിപ്പിക്കും. ബിരുദ ബിരുദാനാന്തര വിദ്യാഭ്യാസത്തിനും അക്കാദമിക ഗവേഷണത്തിനുതകുന്ന സമീപനങ്ങള്‍ സ്വീകരിക്കും. അതിനനുയോജ്യമായ കോഴ്സുകള്‍ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും അതേ മാതൃകയിലുള്ള ഡിപ്പാര്‍ട്ട്മെന്‍റുകളും ഇതിന്‍റെ ഭാഗമായി സജ്ജമാക്കും.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന തരത്തില്‍ ഭരണപരമായ നിയന്ത്രണങ്ങളില്‍ ആവശ്യമായ അയവ് വരുത്തും.
പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അധ്യയനം എങ്ങനെ നമ്മുടെ കലാലയങ്ങളിലും സര്‍വകലാശാലകളിലും ആവിഷ്കരിക്കാം എന്നത് സംബന്ധിച്ച് പഠനം നടത്തും. ഓണ്‍ലൈന്‍ കോഴ്സുകള്‍ വികസിപ്പിച്ചെടുക്കാന്‍ അന്തര്‍ സര്‍വകലാശാലാ ഗ്രൂപ്പുകളെ സജ്ജമാക്കും.
അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാര്‍ത്ഥികളുടെ കൈമാറ്റത്തിനുള്ള (എക്സ്ചേഞ്ച്) ശൃംഖല ദേശീയ-അന്താരാഷട്ര തലത്തില്‍ തന്നെ വികസിപ്പിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരുടെ പൂള്‍ സജ്ജമാക്കും.
ലൈബ്രറികളുടെ നവീകരണം സാധ്യമാക്കും. ഇ-വിഭവങ്ങള്‍ കാമ്പസുകളും സ്ഥാപനങ്ങളുംപങ്കുവെക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തും. ഓരോ സര്‍വകലാശാലയ്ക്കും കലാലയത്തിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പ്രത്യേക പദ്ധതികളും പരിപാടികളും ആവശ്യകത കണക്കിലെടുത്ത് തയ്യാറാക്കും.
ശാസ്ത്ര-സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖല പ്രത്യേക ശ്രദ്ധയോടെ ശക്തിപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കും.
സെക്കന്‍ഡറി തലം വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ അവബോധവും വളര്‍ത്തുന്ന പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലുകള്‍ നേടിയെടുക്കുന്നതിന് യുവാക്കളെ സജ്ജരാക്കും. ഏറ്റവും ആധുനികമായ ശേഷിവികസന പരിപാടികള്‍ അവര്‍ക്ക് ലഭ്യമാക്കും. ഐടി അധിഷ്ഠിത സേവനങ്ങള്‍, ഗതാഗതം, സ്റ്റോറേജ്, വാര്‍ത്താവിനിമയം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, നിര്‍മാണം, ആരോഗ്യം, മെഡിക്കല്‍ എക്യുപ്മെന്‍റ്, ഭഷ്യസംസ്കരണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ കേരളത്തില്‍ വലിയ തൊഴില്‍ സാധ്യത ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. പുതിയ സാധ്യത ഉയര്‍ന്നുവരുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ശേഷി വികസനം ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications