തിരുവമ്പാടി സംഭവം; ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ചെയർമാൻ
ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ. കെ എസ് ഇ ബി ഓഫീസ് ആക്രമിച്ച അജ്മലിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥരെ അയക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫീസ് ആക്രമിച്ചവരിൽ നിന്നും നഷ്ടപരിഹാരം ഊടാക്കുമെന്നും ചെയർമാൻ അറിയിച്ചു.
ചെയർമാന്റെ ്പ്രസ്താവന ഇങ്ങനെ-'കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്.
ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണ്'.
വ്യാഴാഴ്ചയായിരുന്നു വിവാദ സംഭവങ്ങളുടെ തുടക്കം. ബില്ല് അടക്കാത്തതിനെ തുടർന്ന് റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം ഉദ്യോഗസ്ഥർ വിച്ഛേദിച്ചിരുന്നു. തുടർന്ന് റസാഖിന്റെ മകൻ അജ്മൽ ഓൺലൈനായി ബില്ലടക്കുകയും വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ചയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. ഇതിനെ ചൊല്ലി അജ്മലും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതോടെ ഉദ്യോഗസ്ഥർ അജ്മലിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ പോലീസ് കേസെടുത്തതോടെ ഇത് ചോദ്യം ചെയ്ത് അജ്മൽ കെഎസ്ഇബി ഓഫീസിൽ എത്തി അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി. ഇയാൾ ജീവനക്കാരനെ മർദ്ദിച്ചതായും ഓഫീസ് ഉപകരണങ്ങൾ തകർത്തതായും കെഎസ്ഇബി ജീവനക്കാർ പരാതിയിൽ ആരോപിച്ചു.
എന്നാൽ താൻ ആരേയും മർദ്ദിച്ചിട്ടില്ലെന്നാണ് അജ്മൽ പറയുന്നത്. ജീവനക്കാരാണ് തന്നെ മർദ്ദിച്ചതെന്നും ഇതിന്റെ ദൃശ്യങ്ങൾ തന്റെ ഫോണിലുണ്ടെന്നും അജ്മൽ പറയുന്നു. ഈ ഫോൺ കെ എസ് ഇ ബി ജീവനക്കാർ പിടിച്ചുവെച്ചിരിക്കുകയാണെന്നും അജ്മൽ ആരോപിച്ചു.












Click it and Unblock the Notifications