തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ
മക്കൾ രാഷ്ട്രീയം കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ചർച്ചയാകുന്നതാണ്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അത് ചർച്ചയായത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ് കയ്യാളിയിരുന്ന തൊടുപുഴ മണ്ഡലം മകൻ അപു ജോൺ ജോസഫിന് കൈമാറിയതോടെയാണ്. തൃക്കാക്കരയിൽ പി.ടി. തോമസിന്റെ മരണത്തോടെ ഉമ തോമസ് എംഎൽഎ ആയപ്പോൾ ബന്ധു രാഷ്ട്രീയം ചർച്ചയായതാണ്. ഈ തെരഞ്ഞെടുപ്പിൽ ബന്ധു രാഷ്ട്രീയം ചർച്ചാവിഷയമായത് പാർട്ടിക്കുള്ളിലെ എതിർപ്പുകളും കലാപവും വകവെക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യ പികെ ശ്യാമളക്ക് തളിപ്പറമ്പിൽ സീറ്റ് നൽകിയതോടെയാണ്.
കോൺഗ്രസിലും കേരള കോൺഗ്രസുകളിലുമെല്ലാം രാഷ്ട്രീയാധികാരം പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് പതിവാണ്. പിതാവ് കൈവശം വെച്ചിരുന്ന കോട്ടകൾ മക്കളിലൂടെ നിലനിർത്തിപ്പോരുന്നതും പതിവ് കാഴ്ച. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും മൺമറഞ്ഞ നേതാക്കളായ കെ. കരുണാകരനും ബേബി ജോണും ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും ജി. കാർത്തികേയനും ടി.എം. ജേക്കബുമെല്ലാം മക്കളുടെ സാന്നിധ്യം കൊണ്ട് കേരള രാഷ്ട്രീയത്തിൽ ഓർമിക്കപ്പെടുകയാണ്.

2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിൽ മത്സരിക്കുമ്പോൾ പത്തനാപുരത്ത് മകൻ കെ.ബി. ഗണേഷ്‌കുമാർ സ്ഥാനാർഥിയായി. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചു. ഗണേഷ് പിന്നീട് മന്ത്രിയുമായി. പത്തനാപുരത്ത് പരാജയമറിയാത്ത ഗണേഷ് ഇത്തവണയും അവിടെ സ്ഥാനാർഥിയാണ്. ടി.എം. ജേക്കബിൻ്റെ നിര്യാണത്തെ തുടർന്നു 2012ൽ പിറവം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് മകൻ അനൂപ് ജേക്കബ് നിയമസഭയിലെത്തിയത്. ഇത്തവണയും പിറവത്ത് അനൂപ് തന്നെയാണ് സ്ഥാനാർഥി. 11 തവണ തൊടുപുഴയിൽ മത്സരിച്ച് 10 തവണയും വിജയിച്ച പി.ജെ. ജോസഫ് ഇത്തവണ ആരോഗ്യകാരണങ്ങളാൽ പിന്മാറിയപ്പോഴാണ് പിൻഗാമിയായി മകൻ അപു ജോൺ ജോസഫ് എത്തിയത്.
കേരള കോൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് സെക്യുലറും ജനപക്ഷവും രൂപവത്കരിച്ച പി.സി. ജോർജ് പാർട്ടി പിരിച്ചുവിട്ട് ബിജെപിയിൽ ചേർന്ന് ഇത്തവണ പൂഞ്ഞാറിൽ മത്സരിക്കുമ്പോൾ മകൻ ഷോൺ ജോർജാണ് പാലായിൽ എൻഡിഎ സ്ഥാനാർഥി. പാലായിൽ പിതാവിന്റെ കോട്ട തിരികെ പിടിക്കാൻ എൽഡിഎഫ് സ്ഥാനാർഥിയായി കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയുമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് അദ്ദേഹം 53 വർഷമായി പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി മണ്ഡലം നിലനിർത്തിയത് മകൻ ചാണ്ടി ഉമ്മനാണ്. 2023ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 40,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലം നിലനിർത്താൻ ഇത്തവണയും ചാണ്ടി ഉമ്മൻ മത്സരരംഗത്തുണ്ട്.
തൃക്കാക്കര മുൻ എംഎൽഎ പി.ടി. തോമസിൻ്റെ മരണത്തെ ത്തുടർന്നാണ് ഭാര്യ ഉമ തോമസ് രാഷ്ട്രീയത്തിലെത്തുന്നത്. തൃക്കാക്കരയിൽ 2022ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഉമ ജയിച്ചു. ഉമ ഇത്തവണയും തൃക്കാക്കരയിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായിരുന്ന ജി. കാർത്തികേയൻ മരിച്ചപ്പോഴാണ് മകനായ കെ.എസ്. ശബരിനാഥൻ അരുവിക്കരയിൽ 2015ൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവിടെ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2021ൽ എൽഡിഎഫ് സ്ഥാനാർഥി എം.ജി. സ്റ്റീഫനോട് പരാജയപ്പെട്ടു. ഇത്തവണ തിരുവനന്തപുരത്തെ ഹോട്ട്സ്പോട്ടായ നേമത്താണ് ശബരിനാഥൻ ജനവിധി തേടുന്നത്.
ആർഎസ്പി നേതാവ് ബേബി ജോൺ രോഗശയ്യയിലാവുകയും പാർട്ടി പിളരുകയും ചെയ്തതിനെ തുടർന്നാണ് മകൻ ഷിബു ബേബി ജോൺ 2001ൽ സ്ഥാനാർഥിയാകുന്നത്. എൽഡിഎഫിലെ മുതിർന്ന നേതാവായിരുന്ന വി.പി. രാമകൃഷ്ണപിള്ളയെ പരാജയപ്പെടുത്തുകയും ചെയ്തു. 2006ൽ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 2011ൽ ഇതേ മണ്ഡലത്തിൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. ചവറ എംഎൽഎയായിരുന്ന വിജയൻ പിള്ളയുടെ നിര്യാണത്തെ തുടർന്ന് 2021ൽ ചവറയിൽ ഇറങ്ങിയ മകൻ സുജിത് ഷിബു ബേബി ജോണിനെതിരെ 1,409 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചവറയിൽ ഇത്തവണയും ഇടതു സ്വതന്ത്രനായി സുജിത് ഉണ്ട്. എതിരാളിയായി ഷിബു ബേബി ജോണും.
കേരള രാഷ്ട്രീയത്തിലെ അതികായനായ കെ. കരുണാകരൻ്റെ മകൻ കെ. മുരളീധരൻ രാഷ്ട്രീയ രംഗത്തെ മികവും പക്വതയും കൊണ്ട് കോൺഗ്രസിലെ ശക്തനായ നേതാവായി മാറി. എംപിയും എംഎൽഎയും മന്ത്രിയും കെപിസിസി പ്രസിഡൻ്റുമായ മുരളീധരൻ ഇത്തവണ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയാണ്. പക്ഷേ, ലീഡറുടെ മകൾ പത്മജ ഇപ്പോൾ ബിജെപി പാളയത്തിലാണ്. 2001ൽ കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപറേഷൻ ചെയർപേഴ്‌സൺ ആയിട്ടാണ് പത്മജ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കെപിസിസിയുമായും തൃശൂർ ഡിസിസിയുമായും നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ കൗൺസിൽ അംഗമായ പത്മജ ഇത്തവണ തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയാണ്.
എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിൽ ആർഎസ്പിയിലുണ്ടായ വിയോജിപ്പും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയായി. ഇരവിപുരം സീറ്റിലേക്ക് കാർത്തിക്കിനെ പരിഗണിക്കുന്നതായ പ്രചാരണം വ്യാപകമായതോടെ തർക്കം രൂക്ഷമായി. ഒടുവിൽ തീരുമാനം മാറ്റുകയായിരുന്നു.
-
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'












Click it and Unblock the Notifications