ബീഫും പോര്‍ക്കും സദ്യയും; ഹാപ്പി സണ്‍ഡേ എന്ന് പ്രകാശ് രാജ്; മറുപടിയുമായി കേരള സ്റ്റോറി 2 സംവിധായകന്‍
'ദി കേരള സ്റ്റോറി 2' എന്ന സിനിമയുടെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെച്ചൊല്ലി സിനിമാ മേഖലയിലും തര്‍ക്കം. ഈ രംഗത്തെ പരിഹസിച്ച് ഏറ്റവും പുതുതായി നടന്‍ പ്രകാശ് രാജാണ് രംഗത്തു വന്നത്. പ്രകാശ് രാജ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
തന്റെ എക്‌സ് അക്കൗണ്ടില്‍ വെജിറ്റേറിയന്‍ സദ്യക്കൊപ്പം പന്നിയിറച്ചി, ബീഫ്, മീന്‍ വിഭവങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. സസ്യാഹാര വിഭവങ്ങള്‍ക്കൊപ്പം ഇത്തരം വിഭവങ്ങളും ഒത്തൊരുമയോടെ ആസ്വദിക്കുന്നതാണ് യഥാര്‍ത്ഥ കേരളത്തിന്റെ കഥയെന്ന് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഞായറാഴ്ച ആശംസിച്ച അദ്ദേഹം, തന്റെ പതിവ് ഹാഷ്ടാഗായ 'ജസ്റ്റ് ആസ്‌കിങ്' ഇതിനൊപ്പവും ചേര്‍ത്തിട്ടുണ്ട്.
ചിത്രത്തില്‍ ഒരു സ്ത്രീയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത് കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് ഈ സിനിമയെ വെറും പ്രൊപ്പഗണ്ട എന്ന് വിളിച്ച് ശക്തമായി വിമര്‍ശിച്ചിരുന്നു. കേരളത്തിന്റെ മതനിരപേക്ഷമായ അടിത്തറ തകര്‍ക്കാനുള്ള നീക്കങ്ങളെ തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

കമാഖ്യ നാരായണ്‍ സിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ഈ ആഴ്ചയാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
അതിനിടെ, സിനിമയിലെ രംഗങ്ങള്‍ക്കു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പ്രൊപ്പഗണ്ട ആരോപണങ്ങള്‍ക്കും മറുപടിയുമായി സംവിധായകന്‍ കമാഖ്യ നാരായണ്‍ സിങ് രംഗത്തെത്തി. നടന്‍ പ്രകാശ് രാജും സംവിധായകന്‍ അനുരാഗ് കശ്യപും ഉന്നയിച്ച ആരോപണങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. സിനിമയിലെ പല രംഗങ്ങളും പച്ചക്കള്ളമാണെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും നേരത്തെ വിമര്‍ശകര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ വസ്തുതകള്‍ മാത്രമാണ് സിനിമയില്‍ കാണിച്ചിട്ടുള്ളതെന്നും സിനിമ കാണുന്നതിന് മുന്‍പ് അതിനെ വെറും പ്രൊപ്പഗാണ്ട എന്ന് വിളിക്കുന്നത് ശരിയല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.
കേരളത്തിലെ മതസൗഹാര്‍ദം കാണിക്കാന്‍ പ്രകാശ് രാജ് പങ്കുവെച്ച പോസ്റ്റിനും സംവിധായകന്‍ മറുപടി നല്‍കി. അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയില്ല, അതെനിക്ക് പ്രശ്‌നവുമല്ല, കാരണം അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എന്താണ് അദ്ദേഹം കഴിക്കുന്നത് എന്ന് പ്രതിഫലിപ്പിക്കുന്നു. നമ്മുടെ പെണ്‍മക്കളെ നിര്‍ബന്ധിച്ച് ഗോമാംസം തീറ്റിക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്യിക്കുന്നത് ശരിയാണോ? അത് ശരിയാണെങ്കില്‍, പ്രകാശ് രാജ് ജിയുടെ മനസാക്ഷിയെ ഞാന്‍ ചോദ്യം ചെയ്യുന്നു. അദ്ദേഹം ബുദ്ധിപരമായി പാപ്പരായിരിക്കുന്നു.
കൃത്യമായ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങളാണ് താന്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. സിനിമയെ സിനിമയായി കാണണമെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടയിലും സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററുകളില്‍ എത്തുമ്പോള്‍ സത്യം ജനങ്ങള്‍ക്ക് മനസിലാകുമെന്നുമാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരും വിമര്‍ശകരും തമ്മില്‍ വലിയ വാക്‌പോരിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്.












Click it and Unblock the Notifications