ഇനി ഡെറാഡൂണിലേക്കും വന്ദേഭാരത്: ദില്ലിയില്‍ നിന്നും നാലര മണിക്കൂറില്‍ ദേവഭൂമിയില്‍ എത്താം
ദില്ലി: ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായിട്ടായിരുന്നു ഉദ്ഘാടനം. ഇതോടൊപ്പം തന്നെ പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
പുതിയ ട്രെയിൻ രാജ്യതലസ്ഥാനത്തെ ഉത്തരാഖണ്ഡിലെ ദേവഭൂമിയുമായി ബന്ധിപ്പിക്കുമെന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം ഇനിയും കുറയുമെന്നും ട്രെയിനിലെ സൗകര്യങ്ങൾ മനോഹരമായ യാത്രാനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിലും ലോകത്തിന്റെ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ മാറിയെന്നും ജപ്പാൻ, പാപുവ ന്യൂ ഗിനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു നടത്തിയ ത്രിരാഷ്ട്ര സന്ദർശനത്തെ ഓർമ്മിപ്പിച്ചു കൊണ്ട് മോദി വ്യക്തമാക്കി.

കൊറോണ വൈറസ് മഹാമാരിയെ ഇന്ത്യ നേരിട്ടതിനെപ്പറ്റിയും രാജ്യത്തു നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പു യജ്ഞത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുമ്പോൾ, ഉത്തരാഖണ്ഡ് പോലുള്ള മനോഹരമായ സംസ്ഥാനങ്ങൾ ഇന്നത്തെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വന്ദേഭാരത് ട്രെയിനും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്നും മോദി പറഞ്ഞു.
ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമായിരിക്കും. ക്രമസമാധാനനില ശക്തമായി നിലനിർത്തി സംസ്ഥാനം വികസനമുന്നേറ്റം നടത്തുകയാണ്. ദേവഭൂമി ലോകത്തിന്റെ ആത്മീയ ബോധത്തിന്റെ കേന്ദ്രമായി മാറും. ഈ സാധ്യതകൾ തിരിച്ചറിയാൻ നാം പ്രവർത്തിക്കേണ്ടതുണ്ട്. ചാർധാം യാത്രയ്ക്കുള്ള തീർഥാടകരുടെ എണ്ണം പഴയ റെക്കോർഡുകൾ ഭേദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബാബ കേദാറിന്റെ ദർശനത്തിനായി വരുന്ന ഭക്തരെക്കുറിച്ചും ഹരിദ്വാറിലെ കുംഭ/അർദ്ധകുംഭ മേളയെക്കുറിച്ചും കൻവാർ യാത്രയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പല സംസ്ഥാനങ്ങളിലും ഇത്രയധികം ഭക്തർ എത്തുന്നില്ലെന്നും ഇത് ഒരു സമ്മാനവും മഹത്തായ ദൗത്യവുമാണെന്ന്. ഈ 'ഭഗീരഥ' ദൗത്യം എളുപ്പമാക്കാൻ ഇരട്ട ശക്തിയിലും ഇരട്ടി വേഗത്തിലും ഇരട്ട എൻജിൻ ഗവണ്മെന്റ് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് പദ്ധതിയാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. 'കവച്' സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള നൂതന സുരക്ഷാസംവിധാനങ്ങളോടെ, തദ്ദേശീയമായാണു ട്രെയിൻ നിർമിച്ചിരിക്കുന്നത്. പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് ഡെറാഡൂണിനും ഡൽഹിക്കും ഇടയിലുള്ള ദൂരം നാലരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കും. പൊതുഗതാഗതത്തിന് മാലിന്യരഹിത മാർഗങ്ങൾ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായി ഇന്ത്യ റെയിൽവേ രാജ്യത്തെ റെയിൽ പാതകൾ പൂർണമായും വൈദ്യുതവൽക്കരിക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications