തൃപ്രയാര്‍ ക്ഷേത്രത്തിലെത്തി നരേന്ദ്ര മോദി; മീനുട്ട് നടത്തി, വേദാര്‍ച്ചനയിലും പങ്കെടുത്തു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും മോദി പങ്കാളിയായി.
ഗുരുവായൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ മോദി അവിടെ നിന്നും കാറിലാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെത്തിയത്. രണ്ട് ഹെലികോപ്റ്ററുകളിലാണ് മോദിയും സംഘവും തൃപ്രയാറില്‍ എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് മോദി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.

ക്ഷേത്രത്തിന്റെ കുളക്കടവിലെത്തിയ പ്രധാനമന്ത്രി ഇവിടത്തെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഭഗവാന്‍ ഇവിടെ മത്സ്യങ്ങളുടെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകും എന്നുമാണ് ഹൈന്ദവ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആദ്യമായാണ് രാജ്യത്തെ ഒരു പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.
വലിയ ഐതീഹ്യ പ്രാധാന്യമുള്ള ക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നാണ് വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുക്കുകയായിരുന്നു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. ഇന്ന് രാവിലെയാണ് മോദി ഗുരുവായൂരില്‍ എത്തിയത്.
കിഴക്കേ നട വഴിയാണ് നരേന്ദ്ര മോദി ക്ഷേത്രത്തിലേക്ക് കയറിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകളിലും അദ്ദേഹം പങ്കെടുത്തു. രണ്ട് മണിക്കൂറോളമാണ് നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചത്. ഗുരുവായൂരപ്പന്റെ ദാരുശില്‍പം ക്ഷേത്ര ഭാരവാഹികള്‍ മോദിക്ക് സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ എത്തി താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തിയ ശേഷമാണ് അദ്ദേഹം വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹ ചടങ്ങ്. പ്രധാനമന്ത്രിയാണ് വധൂവരന്‍മാര്‍ക്ക് മാല എടുത്ത് കൊടുത്തത്. തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും മോദി ആശംസ അറിയിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതം എത്തിയിരുന്നു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.












Click it and Unblock the Notifications