വന്ദേഭാരതിന്റെ ആദ്യ ഷെഡ്യൂള്‍; കണ്ണൂരേക്ക് ഭക്ഷണം സഹിതം 1400 രൂപ, പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ എത്തുന്നതാണ് സമയക്രമം. കണ്ണൂില്‍ നിന്ന് ട്രെയിന്‍ രണ്ട് മണിക്കാണ് തിരുവനന്തപുരത്തേക്ക് തിരിക്കുക. ഇത് രാത്രി 9.20 ആകുമ്പോഴേക്കും തിരുവനന്തപുരത്ത് എത്തും. ആദ്യ വന്ദേഭാരത് സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പാനൂരില്‍ വച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും.
78 സീറ്റ് വീതമുള്ള 12 ഇക്കണോമി കോച്ചുകളാണ് വന്ദേഭാരത് എക്‌സ്പ്രസിനുണ്ടാകുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും. മുന്നിലും പിന്നിലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ടാകും. ഈ മാസം 25ന് തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ യാത്ര പുറപ്പെടുക.

അതേസമയം, കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് യാത്രയില്‍ പ്രധാനമന്ത്രിയും യാത്ര ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയാകും പ്രധാനമന്ത്രി യാത്ര ചെയ്യുക. പ്രധാനമന്ത്രിക്കൊപ്പം കുട്ടികളും യാത്ര ചെയ്യാനുണ്ടാകും. കുട്ടികളെ തിരഞ്ഞെടുക്കാന്‍ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ വന്ദേഭാരത് പ്രമേയമാക്കി പെയിന്റിംഗ്, ഉപന്യാസ, കവിത മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്.
എന്നാല്‍ എസ് പി ജിയായിരിക്കും പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. ഏപ്രില്‍ 25ന് ആണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുക. കഴിഞ്ഞ ദിവസമാണ് വന്ദേഭാരതിന്റ ആദ്യത്തെ ട്രെയല്‍ റണ്‍ പൂര്‍ത്തിയായത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കാണ് ട്രെയല്‍ റണ്‍. ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റ് എടുത്താണ് ട്രെയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ തിരുവനന്തപുരത്തേക്കുള്ള മടക്ക യാത്രയ്ക്ക് ഏഴ് മണിക്കൂര്‍ 20 മിനിറ്റ് എടുത്തു.
എന്നാല്‍ ആദ്യ ദിവസത്തെ ട്രെയല്‍ റണ്‍ നോക്കുകയാണെങ്കില്‍ കേരളത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേഭാരതാണ്. എന്നാല്‍ മറ്റ് ട്രെയിനികളുമായി താരമതമ്യം ചെയ്യുമ്പോള്‍ വലിയ സമയ വ്യത്യാസമില്ലെന്നതാണ് പ്രത്യേകത.ഇതിനിടെ, വന്ദേഭാരതിന് സ്റ്റോപ്പുകള്‍ കൂട്ടാന്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ഒരു സ്റ്റോപ്പില്‍ ഒരുമിനിറ്റ് നിറുത്തിയാല്‍ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടും. കായംകുളം, തിരുവല്ല, ആലുവ, ഷോര്‍ണൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത് .












Click it and Unblock the Notifications