'വയനാടിനെ പ്രതിനിധീകരിക്കുന്നത് എനിക്ക് കിട്ടുന്ന ബഹുമതി'; വൈകാരിക കുറിപ്പുമായി പ്രിയങ്ക ഗാന്ധി
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് വൈകാരിക കുറിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഗാന്ധി തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. വയനാട്ടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ചും പ്രിയങ്ക ഗാന്ധിയുടെ കറുപ്പിൽ പരാമർശിക്കുന്നുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ സഹോദരനോടൊപ്പം ചൂരമലയിലേക്കും മുണ്ടക്കൈയിലേക്കും യാത്ര ചെയ്‌തിരുന്നു. ഉരുൾപൊട്ടൽ ഉണ്ടാക്കിയ നാശവും നിങ്ങൾ അനുഭവിച്ച നഷ്‌ടത്തിന്റെ ആഴവും ഞാൻ നേരിട്ട് കണ്ടു. മക്കളെ നഷ്‌ടമായ അമ്മമാരെയും പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്ന കുട്ടികളെയും സർവവും നഷ്‌ടമായ കുടുംബങ്ങളെയും ഞാൻ അവിടെ വച്ച് കണ്ടു; പ്രിയങ്ക തന്റെ കുറിപ്പിൽ പറയുന്നു.

വയനാട്ടുകാരുടെ മനക്കരുത്തും ധൈര്യവും തന്നെ അമ്പരപ്പിച്ചുവെന്നും പ്രിയങ്ക പറയുന്നു. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ശക്തി അവരിൽ കണ്ടു. ഡോക്‌ടർമാർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, നഴ്‌സുമാർ, വീട്ടമ്മമാർ തുടങ്ങി എല്ലാവരും തങ്ങളാൽ കഴിയുന്നത് എല്ലാം ചെയ്തെന്നും പ്രിയങ്ക പറയുന്നു.
വയനാടിനെ പാർലമെന്റിൽ പ്രതിനിധീകരിക്കുക എന്നത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി ആയിരിക്കുമെന്നും അവർ പറഞ്ഞു. ഏതൊരു ഘട്ടത്തിലും ഒരുമിച്ച് നിൽക്കുന്ന, പരസ്‌പരം ബഹുമാനിക്കുന്ന വയനാട്ടുകാരിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും കോൺഗ്രസ് നേതാവ് പറയുന്നു.
'നിങ്ങൾ എന്റെ സഹോദരന് നിങ്ങളുടെ സ്നേഹം നൽകി, അദ്ദേഹം അത് പൂർണ്ണമായും തിരിച്ചുനൽകിയെന്ന് എനിക്കറിയാം. വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ അഭിമാനവും സങ്കടവും കലർന്ന മനസോടെയായിരുന്നു അദ്ദേഹം അത് ചെയ്‌തത്.' പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞാൻ അദ്ദേഹത്തിന് വാഗ്‌ദാനം നൽകിയിട്ടുണ്ട്. വയനാട്ടിൽ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളെ കുറിച്ച് അദ്ദേഹം എനിക്ക് പറഞ്ഞു തന്നിരുന്നു. കർഷകരും ആദിവാസി വിഭാഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ അദ്ദേഹം ആശങ്കാകുലനായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
മണ്ഡലത്തിൽ സ്ത്രീകളുടെ ഉന്നമത്തിനായി പ്രവർത്തിക്കുമെന്നും അവർ വാഗ്‌ദാനം ചെയ്‌തു. ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്റെ ആദ്യത്തെ അവസരം നിങ്ങളിലൂടെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു. ജനാധിപത്യത്തിനും നീതിക്കും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ് എന്റെ ജീവിതത്തിലെ പ്രധാന കാര്യമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിനാണ് വയനാട് ലോക്‌സഭാ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. നവംബർ 13നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രിയങ്ക വമ്പൻ റോഡ്ഷോയുടെ അകമ്പടിയോടെ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ജയിച്ച രാഹുൽ വയനാട് രാജിവച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications