കോടതി വിധി അനുകൂലമായി: കോതിയില്‍ പ്ലാന്റ് നിർമ്മിക്കാന്‍ വീണ്ടും കോർപ്പറേഷന്‍, വന്‍ പ്രതിഷേധം
കോഴിക്കോട്: കോടതി വിധി അനുകൂലമായതിന് പിന്നാലെ കോതി മേഖലയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ശ്രമം തുടർന്ന് കോഴിക്കോട് കോർപ്പറേഷന്‍. അനുകൂല കോടതി വിധിയുമായി നിർമ്മാണ പ്രവർത്തനങ്ങള്‍ പുനഃരാംഭിക്കാനായി എത്തിയ കോർപ്പറേഷന്‍ അധികൃതരെ പ്ലാന്റ് വിരുദ്ധ സമരക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു ഇന്ന് അധികൃതർ നിർമ്മാണ മേഖലയിലേക്ക് എത്തിയത്.
മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ നേരത്തെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെ സമരക്കാർ കോടതിയെ സമീപിക്കുകയും നിർമ്മാണത്തിന് സ്റ്റേ വാങ്ങിക്കുകയുമായിരുന്നു. ഇതിനെതിരെ കോർപ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. ഇതോടെ ഇന്ന് രാവിലെ മൂന്ന് ഡി സി പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ച് കോർപ്പറേഷന്‍ വലിയ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു.

പ്ലാന്റിനായി കണ്ടെത്തിയ സ്ഥലത്ത് അതിരുകെട്ടിയും ചെറിയ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയു പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മാലിന്യ പ്ലാന്റ് വരുന്നതോടുകൂടി തങ്ങളുടെ കിണറുകളിലെ ജലം മലിനമാകുമെന്നും പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. പ്ലാന്റിനെതിരായി അവസാന നിമിഷം വരെ പോരാടുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. അതേസമയം എല്ലാവിധ സുരക്ഷ സംവിധാനങ്ങളോട് കൂടിയാണ് പ്ലാന്റ് നിർമ്മാണ പ്രവർത്തനമെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.












Click it and Unblock the Notifications