ഗ്രൂപ്പുകള്‍ക്കതീതമായിട്ടാണ് നില്‍ക്കുന്നതെന്ന് വി.ഡി സതീശന്‍ തെളിയിക്കണം: പി.ടി തോമസ്
കോൺഗ്രസിനും യുഡിഎഫിലും പൊളിച്ചെഴുത്തിന് സാധ്യതയുണ്ടെന്നും പി.ടി തോമസ് പറഞ്ഞു
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മാറ്റിനിർത്തി പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ തുടക്കമായിട്ടാണ് വിലയിരുത്തുന്നത്. ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്നാണ് ഹൈക്കമാൻഡിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗ്രൂപ്പുകള്‍ക്കതീതമായിട്ടാണ് നില്‍ക്കുന്നതെന്ന് വി.ഡി സതീശന്‍ തെളിയിക്കണമെന്ന് പി.ടി തോമസ് എംഎൽഎ പറഞ്ഞു.
കോൺഗ്രസിനും യുഡിഎഫിലും പൊളിച്ചെഴുത്തിന് സാധ്യതയുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചത് സ്വാഗതാര്‍ഹമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്റെ ഓരോ പ്രവര്‍ത്തനമേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സതീശന്‍. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തന പരിചയമുണ്ടെന്നും തോമസ് പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി.ടി തോമസിന്റെ പേരും ഉയർന്നു കേട്ടിരുന്നു. ഇപ്പോൾ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്കും സജീവമായി ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നാണ് പി.ടി തോമസിന്റേത്. "രമേശ് ചെന്നിത്തല തുടരണമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. താനടക്കമുള്ള മറ്റുചിലരുടെ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതിനൊപ്പം ഉറച്ച് നില്‍ക്കുക എന്നതാണ് നിലപാട്."
അഭിപ്രായരൂപീകരണത്തിന് ശേഷമുള്ള തീരുമാനമാണ് സതീശന്റെ നിയമനം. അതിന് തലമുറ മാറ്റമെന്ന് വേണമെങ്കില്‍ പറയാം. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാന്‍ഡ് വ്യക്തത വരുത്തണം. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനും നിലപാടില്‍ ഉറച്ച് നില്‍ക്കാനും സാധിച്ചാല്‍ നല്ലൊരു പ്രതിപക്ഷനേതാവായി സതീശന്‍ മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പുകൾക്കുവേണ്ടി ശക്തമായി പ്രവർത്തിച്ചയാളാണ് താനെന്നും എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറുകായായിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു. 2009 മുതൽ ഗ്രൂപ്പ് പ്രവർത്തനമില്ല. പാര്‍ട്ടിയെ വലിയ കുഴപ്പത്തിലേക്ക് ഗ്രൂപ്പിസം നയിക്കുമെന്ന വിശ്വാസത്തിലാണ് പിന്‍മാറിയത്. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനും നിലപാടില്‍ ഉറച്ച് നില്‍ക്കാനും സാധിച്ചാല്‍ നല്ലൊരു പ്രതിപക്ഷനേതാവായി സതീശന്‍ മാറുമെന്ന് ഉറപ്പാണെന്നും പി.ടി തോമസ് കൂട്ടിച്ചേർത്തു.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications