പുതിയതെരുവിലെ വാഹനക്കുരുക്ക് അഴിക്കാൻ ഗതാഗത പരിഷ്കാരം; 31 മുതൽ വാഹനങ്ങൾ പോകേണ്ടത് ഇതുവഴി
കണ്ണൂരിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണ് പുതിയതെരു. വളപട്ടണം പാലം മുതൽ പുതിയതെരു കഴിയുന്നത് വരെ പലപ്പോഴും മണിക്കൂറുകളോളം ബ്ലോക്ക് ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി അടുത്തിടെ താത്കാലിക ഗതാഗത പരിഷ്കാരം ഇവിടെ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി വളപട്ടണം പാലം, പാപ്പിനിശ്ശേരി വഴിയായിരുന്നു വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്. ഈ പരിഷ്കാരം വിജയംകണ്ട സാഹചര്യത്തിൽ പുതിയതെരുവിലെ രൂക്ഷമായ ഗതാഗത കുരുക്ക് അഴിക്കാൻ ജനുവരി 31 മുതൽ താത്കാലിക ഗതാഗത പരിഷ്കണത്തിന് ഒരുങ്ങുകയാണ് ജില്ലാ ഭരണകുടം. കലക്ടറുടെ അധ്യക്ഷതയിൽ കെവി സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആർടിഒയും പോലീസും ജനപ്രതിനിധികളും ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. പുതിയ ഗതാഗത പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കണ്ണൂർ ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ വളപട്ടണം ഹൈവേ ജംഗ്ഷനിൽ എത്തി അവിടെ നിന്ന് യുടേൺ എടുത്ത് മയ്യിൽ ഭാഗത്തേക്ക് തിരിഞ്ഞ് പോകണം.
നിലവിൽ വില്ലേജ് ഓഫീസിന് എതിർവശത്തുള്ള, തളിപ്പറമ്പ്-പഴയങ്ങാടി-അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ഹൈവേയിലെ ടെമ്പോ സ്റ്റാൻഡിന്റെ ഭാഗത്തേക്ക് മാറ്റും.
പുതിയതെരുവിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് നിലവിൽ ഇറക്കത്തിലുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ താഴെ, ഡെയ്ലി ഫ്രഷ് സൂപ്പർമാർക്കറ്റ് മുന്നിലേക്ക് മാറ്റും.
കണ്ണൂരിൽ നിന്നുള്ള ചെറുവാഹനങ്ങൾ പുതിയതെരു ജംഗ്ഷൻ കയറരുത്. പകരം പള്ളിക്കുളം, രാജാസ് ഹൈസ്‌കൂൾ, കടലായി അമ്പലം വഴി ഹൈവേയിൽ കയറണം
മയ്യിൽ ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയതെരു ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 'യു' ടേൺ എടുക്കുവാൻ പറ്റുന്ന ഭാഗത്തു നിന്ന് 'യു' ടേൺ എടുത്ത് പോകണം..
മയ്യിൽ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ വാഹനങ്ങൾ കഴിവതും കൊല്ലറത്തിക്കൽ റോഡ് വഴി ടോൾ ബൂത്തിലേക്ക് കയറണം.
കക്കാട് നിന്നും പുതിയതെരു ഭാഗത്തേക്ക് വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ സ്‌റ്റൈലോ കോർണർ വഴി വരാതെ കൊറ്റാളി, പൊടിക്കുണ്ട് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം.
ജനവരി 31 മുതൽ 4 വരെ അഞ്ച് ദിവസത്തേക്കായിരിക്കും പരിഷ്കരണം. പരിഷ്കരണം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.












Click it and Unblock the Notifications