Puthuppally Result: ബിജെപിയുടെ വോട്ട് ആര് ആര്‍ക്ക് ചെയ്തു? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്ന് ജെയ്ക്
കോട്ടയം: പുതുപ്പള്ളിയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ മുന്നോട്ട് വെച്ച രാഷ്ട്രീയത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ജെയ്ക് പറഞ്ഞു. മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ മത്സരിച്ച് പരാജയപ്പെടുന്നത്.
''ജനവിധിയെ തുറന്ന മനസ്സോട് കൂടി സ്വീകരിക്കുന്നു. കേഡര്‍ വോട്ടുകള്‍ കിട്ടിയില്ല എന്ന് പറയുന്നതിന്റെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വ്വഹിക്കാനായിട്ടുണ്ട് എന്നാണ് വിശ്വാസം. പ്രചാരണത്തില്‍ എന്തെങ്കിലും പാളിച്ച ഉണ്ടായതായി കരുതുന്നില്ല''.

''മുന്‍ മുഖ്യമന്ത്രിയുടെ മരണശേഷം വളരെ കുറച്ച് ദിവസങ്ങള്‍ക്കുളളിലാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. തങ്ങള്‍ മുന്നോട്ട് വെച്ച പ്രചാരണ വിഷയങ്ങളില്‍ യുഡിഎഫിന്റെ പ്രതികരണം എന്തായിരുന്നു? വികസന വിഷയം അടക്കം തങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ചില പേരുകളുടെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു യുഡിഎഫ്'' എന്ന് ജെയ്ക് കുറ്റപ്പെടുത്തി.
''മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് വിഹിതം 40-50 ശതമാനമാണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നത്. ബിജെപിയുടെ വോട്ട് ആര് ചെയ്തു ആര്‍ക്ക് ചെയ്തു? സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ന്തമുണ്ട്. ഇരുപതിനായിരം വോട്ടുണ്ടായിരുന്ന ബിജെപി ആറായിരത്തിലേക്ക് കൂപ്പ് കുത്തിയത് എന്തുകൊണ്ട് എന്നും ജെയ്ക് സി തോമസ് ചോദിച്ചു.
ബിജെപി അധ്യക്ഷന്‍ പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ ആദ്യം പറഞ്ഞത് ഇടത് സ്ഥാനാര്‍ത്ഥി തോല്‍ക്കും എന്നാണ്. അപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. തങ്ങള്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം വൈകാരികതയുടെ അന്തരീക്ഷത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്് എന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു.
ജെയ്ക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: 'പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിർവഹിച്ചു എന്ന് കരുതുകയാണ്.
തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസ്സമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്പിക്കുമാറ് ഉലയാതെ നിന്നവരെ... നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം...'












Click it and Unblock the Notifications