നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവം; പിവി അൻവർ അറസ്‌റ്റിൽ, വൻ പോലീസ് സന്നാഹം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പിവി അൻവർ എംഎൽഎയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നിലമ്പൂർ പോലീസാണ് അൻവറിനെ അറസ്‌റ്റ് ചെയ്‌തത്. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് നിലമ്പൂർ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വൻ പോലീസ് സന്നാഹമാണ് ഇവിടെ തമ്പടിച്ചത്. അൻവറിന്റെ വീട്ടിലേക്ക് ആരെയും കടത്തിവിടാൻ പോലും പോലീസ് തയ്യാറായിരുന്നില്ല.
കൃത്യനിർവഹണം തടസപ്പെടുത്താൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി നേരത്തെ അൻവറിനെതിരെ പോലീസ് കേസെടുത്തിരുന്നു. പിവി അൻവർ ഉൾപ്പടെ 11ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്ന് അറസ്‌റ്റിന് മുൻപ് അൻവർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

രാവിലെ ഉണ്ടായ സംഭവത്തിൽ വൈകീട്ടോടെ തന്നെ അതിവേഗത്തിൽ അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. അതും നിലവിൽ എംഎൽഎ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെയാണ് പോലീസ് തിരക്കിട്ട് അറസ്‌റ്റ് ചെയ്‌തത്. അൻവറിന്റെ വീട്ടിൽ വലിയ രീതിയിൽ ഭീതിജനകമായ സാഹചര്യം സൃഷ്‌ടിച്ചുകൊണ്ടായിരുന്നു പോലീസ് നീക്കം.
അറസ്‌റ്റിനിടെ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വർ പ്രതികരിച്ചു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു അൻവറിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്‌റ്റെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നതെന്നും അൻവർ ആരോപിച്ചു.
ശനിയാഴ്‌ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് അൻവറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറുകയായിരുന്നു. പിന്നീട് ഇവിടെ ഉണ്ടായിരുന്ന സാധന സാമഗ്രികള്‍ നശിപ്പിച്ചുവെന്നും പരാതിയുണ്ട്.
ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി കൊല്ലപ്പെട്ടത്. 35 വയസായിരുന്നു ഇയാൾക്ക്. കാട്ടാന ആക്രമിക്കുമ്പോള്‍ അഞ്ചുവയസുകാരനായ മകന്‍ മനുകൃഷ്‌ണ മണിയുടെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. എന്നാൽ കുട്ടി അത്ഭുതകരമായിരുന്നു കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. മണി മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. ഇതിലാണ് പ്രതിഷേധിച്ചാണ് പിവി അൻവറും ഡിഎംകെ പ്രവർത്തകരും ചേർന്ന് വനംവകുപ്പ് ഓഫീസ് ആക്രമിച്ചത്.












Click it and Unblock the Notifications