കേരളത്തിന്റേയും മലപ്പുറത്തിന്റേയും മാപ്പുണ്ട്.. ഇനിയും വേണോ? എസ്പിക്കെതിരെ വീണ്ടും അന്‍വര്‍
മലപ്പുറം: എസ്പി എസ് ശശിധരനെ അവഹേളിച്ചതില്‍ മാപ്പ് പറയണം എന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തെ പരിഹസിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. കേരളത്തിന്റേയും മലപ്പുറത്തിന്റേയും നിലമ്പൂരിന്റേയും മാപ്പുകളുടെ ചിത്രങ്ങള്‍ പങ്ക് വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 'കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും' പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അന്‍വറിന്റെ പ്രതികരണം.
എല്ലാ ഐപിഎസുകാരെയും വിമര്‍ശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാപ്പ് പറയുന്നത് എന്തിനാണ് എന്നും തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത് എന്നും അന്‍വര്‍ പറഞ്ഞു. താന്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ പറയുമെന്ന് തോന്നുന്നില്ല എന്നും ഇനി അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കാര്യങ്ങള്‍ അറിയാതെയായിരിക്കും എന്നും എംഎല്‍എ പറഞ്ഞു.

പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നും എസ്പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത് എന്നും അന്‍വര്‍ വ്യക്തമാക്കി. എസ്പി വന്ന നാള്‍ മുതല്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ല. ചില പൊലീസുകാര്‍ക്ക് എംഎല്‍എമാരെയും മന്ത്രിമാരെയും പുച്ഛമാണ് എന്നും അങ്ങനെ ഒരു സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ പണി നോക്കട്ടെ, തങ്ങളാണ് വലുത് എന്ന സംസ്‌കാരം പൊലീസില്‍ വളര്‍ത്തിയെടുക്കുന്നുണ്ട് എന്നും അതില്‍ പ്രധാനിയാണ് എസ്പിയെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ ബഹുമാനിക്കണം എന്നും ഇയാള്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയെയും തള്ളിപ്പറയും എന്നും അന്‍വര്‍ പറഞ്ഞു. എസ്പി ശശിധരന്‍ പല മുതിര്‍ന്ന ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്.
ജില്ലയിലെ സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് കൊടുക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കേണ്ട ഘട്ടമെത്തുമ്പോള്‍ പറയുമെന്നും അന്‍വര്‍ പറഞ്ഞു. ശശിധരന്‍ നമ്പര്‍ വണ്‍ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അന്‍വര്‍പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാര്‍ക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മലപ്പുറത്തെ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എസ്പി വേദിയിലിരിക്കുമ്പോഴായിരുന്നു അന്‍വറിന്റെ വിമര്‍ശനം. സര്‍ക്കാര്‍ ഭവനപദ്ധതിക്ക് മണ്ണെടുക്കാന്‍ അനുവദിക്കാത്തതും തന്റെ പാര്‍ക്കില്‍ നിന്ന് മോഷണം നടത്തിയവരെ പിടികൂടാത്തതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അന്‍വറിന്റെ പ്രസംഗം. ഇതിന് പിന്നാലെയാണ് അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയത്.
ശശിധരനെയും ഐപിഎസ് ഉദ്യോഗസ്ഥരെയും അപഹസിച്ച് അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും വിഷമം ഉണ്ടാക്കുന്നതുമാണെന്ന് ഐപിഎസ് അസോസിയേഷന്‍ പറഞ്ഞു. ജനങ്ങള്‍ തെരുവിലിറങ്ങിയ ബംഗ്ലാദേശിലെ സാഹചര്യം ഉദാഹരിച്ച് എസ്പിയെ ഫാസിസ്റ്റ് എന്ന് അന്‍വര്‍ വിളിച്ചതും അസോസിയേഷന്‍ തങ്ങളുടെ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി എസ്പിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications