മുസ്ലിങ്ങള്‍ പെരുകുന്നു എന്ന ചിന്ത ഞങ്ങള്‍ക്കിടയിലെ ചിലര്‍ക്കുണ്ട്; സ്ഥലപ്പേര് ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍
കൊച്ചി: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിക്കുന്ന ആശങ്കകള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍. അതിര്‍ത്തിയിലെ ചില സംഘടനകളാണ് കാസര്‍കോട്ടെ സ്ഥലപ്പേരുകളില്‍ നിന്ന് കന്നഡ പൂര്‍ണമായും മാറ്റി മലയാളമാക്കുന്നു എന്ന പ്രചാരണത്തിന് തുടക്കമിട്ടത്.
പിന്നീട് ബിജെപി നേതൃത്വം വിഷയം ഏറ്റെടുത്തു. ഇങ്ങനെ ഒരു ആലോചന പോലുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് കളക്ടര്‍ സജിത് ബാബുവും പ്രതികരിച്ചെങ്കിലും കൊണ്ടുപിടിച്ച പ്രചാരണമാണ് നടക്കുന്നത്. ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്ത മീഡിയവണ്‍ ചാനലിലാണ് രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങള്‍...

അറബിക് നാമമുള്ള സ്ഥലപ്പേരുകള്‍ നിലനിര്‍ത്തി മറ്റുചില സ്ഥലപ്പേരുകള്‍ മാറ്റാനാണ് ശ്രമം എന്ന് ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ് അവതാരകന്‍ ഉന്നയിച്ചത്. ഇതിന് പിന്നില്‍ ആര്‍എസ്എസിന്റെ ഗൂഢാലോചനയില്ലെന്നും ഹിന്ദുക്കള്‍ക്കിടയിലെ ചില ആശങ്കകളാണ് അടിസ്ഥാനമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഇനി പറയാന്‍ പോകുന്ന അഞ്ച് വരികള്‍ താങ്കള്‍ ശ്രദ്ധിച്ച് കേള്‍ക്കണം എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ വിശദീകരണം നല്‍കുന്നത്. ഞങ്ങള്‍ക്കിടയിലെ ചില ആളുകള്‍ക്ക് മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നു എന്ന ഒരു തെറ്റിദ്ധാരണയുണ്ട്. അതാണ് ഇടയ്ക്കിടെയുണ്ടാകുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാനമെന്ന് രാഹുല്‍ ഈശ്വര്‍ സൂചിപ്പിക്കുന്നു.

2.6 ജനന നിരക്കുള്ള മുസ്ലിങ്ങളും 1.3 ജനന നിരക്കുള്ള ഹിന്ദക്കളും തമ്മില്‍ പ്രശ്‌നമുണ്ടാകുമെന്ന് തെറ്റിദ്ധാരണയുള്ള ഒരു വിഭാഗം ആളുകളുണ്ട്. എല്ലാ വിഷയത്തിലും അവര്‍ ഇത്തരം ആശങ്കകള്‍ കൊണ്ടുവരും. അത് കര്‍ണാടക വിഷയമൊന്നും വേണ്ട. ഹലാല്‍ ജിഹാദ്, ഡാന്‍സ് ജിഹാദ് എന്നൊക്കെ പറഞ്ഞുകൊണ്ടും ആശങ്ക സൃഷ്ടിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ജനസംഖ്യാ വിഷയത്തില്‍ ഹിന്ദു വിഭാഗത്തിലെ സര്‍വണര്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. അതുകൊണ്ടാണ് ഏകസിവില്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്. ഉള്ളിലെ പേടി മാറ്റാനാണ് താങ്കളുടെ ഉദ്ദശേമെങ്കില്‍ നല്ലതാണ്. ഇത്തരം പ്രചാരണങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് അല്ല. മുസ്ലിങ്ങള്‍ക്ക് വെള്ളിയാഴ്ചയും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയുമുള്ളത് പോലെ ഹിന്ദുക്കള്‍ക്ക് ഒരു ഒത്തുചേരലില്ല. അതുകൊണ്ട് എപ്പോഴും ഒരു അപരനെ വേണം. ശത്രുവിനെ വേണം. ഇത്തരം പ്രചാരണങ്ങള്‍ സ്വാതന്ത്ര്യസമര കാലത്തും നടന്നിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഇത്തരം ആശങ്കയ്ക്ക് കാരണം ഹിന്ദു മനസിലെ ആത്മീയ ശൂന്യതയാണ്. ഇത് മറികടക്കാന്‍ ഇസ്ലാമോഫോബിയ എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജി ഉപയോഗിക്കുകയാണ്. ഹിന്ദു സമൂഹങ്ങളെ ഒന്നിപ്പിക്കാന്‍ ഒരു അപരനെ സൃഷ്ടിക്കുകയാണ്. അതില്‍ വീഴുന്ന ഒട്ടേറെ പേരുണ്ട്. ചിലര്‍ തെറ്റ് തിരുത്താറുമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
Recommended Video

ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു എന്ന തെറ്റിദ്ധാരണയുണ്ടാക്കി ഹിന്ദുവിനെ ഐക്യപ്പെടുത്താനുള്ള ശ്രമമാണ്. തെറ്റിദ്ധരിക്കപ്പെട്ട ഞങ്ങള്‍ക്കിടയിലെ നല്ല ഉദ്ദേശമുള്ള സഹോദരങ്ങളാണ് ഇതിന് പിന്നിലെന്നും അതിന് പിന്നില്‍ ഏതെങ്കിലും സംഘടനകളില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ചോദിച്ചതിനല്ല രാഹുല്‍ മറുപടി പറയുന്നതെന്നാണ് ഈ വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications