സർക്കാർ കാര്യക്ഷമമല്ല, മുഖ്യമന്ത്രിയെ ഫോണില്‍ കിട്ടുന്നില്ലെന്നും രാഹുല്‍: എംപിക്കെതിരെ സിപിഎം
കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. വന്യജീവി ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ല. പാവപ്പെട്ട വീടുകളിലെ മനുഷ്യരാണ് മരിച്ചതെന്നും അവര്‍ക്ക് അര്‍ഹതപ്പെട്ട പണം ഉടന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അടിയന്തരമായി ഇടേണ്ട പ്രശ്നങ്ങള്‍ വയനാട്ടില്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്. വയനാട്ടിലെ മെഡിക്കല്‍ കോളേജും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടതായ നഷ്ടപരിഹാരത്തുകയും സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ഞാന്‍ സംസാരിച്ചു. കുടുബങ്ങള്‍ക്കും അവരുടെ അത്താണിയെയാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇപ്പോഴാണ് പണത്തിന്റെ ആവശ്യം,' മരണപ്പെട്ടവരുടെ വീടുകള്‍ സന്ദർശിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

മുഖ്യമന്ത്രിയെ ഫോണില്‍ കിട്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ എത്തിയതുമുതല്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഫോണില്‍ പോലും അദ്ദേഹത്തെ ലഭിക്കുന്നില്ല. എങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ഇനിയും ശ്രമിക്കും. വയനാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണങ്ങളില്‍ സ്ഥലം എംപി രാഹുല്‍ ഗാന്ധിയും കേന്ദ്ര സർക്കാരും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് സി പി എം രംഗത്ത് വന്നു. ന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചതിലും, വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടത്തതിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി പറഞ്ഞു.
പ്രശ്‌നത്തിന് ശാശ്വതപരിഹാരമാണ് വേണ്ടതെന്ന് ജനങ്ങൾ ഒരേസ്വരത്തിൽ പറയുന്നു. വനം കൺകറന്റ് ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്. വന്യമൃഗശല്യ പ്രതിരോധം കേന്ദ്രസർക്കാരിന്റെകൂടി ബാധ്യതയാണ്. എന്നാൽ കേന്ദ്രം, സംസ്ഥാനം സമർപ്പിച്ച പദ്ധതി തള്ളുകയാണുണ്ടായത്. ജില്ലയുടെ ജീവൽ പ്രശ്‌നങ്ങളിലൊന്നും എംപി ഇടപെടുന്നില്ല. സംസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന് കേന്ദ്രത്തിൽനിന്ന് സഹായം ലഭ്യമാക്കാൻ ഉത്തരവാദിത്വമുള്ള രാഹുൽഗാന്ധിയുടെ നിഷ്‌ക്രിയത്വം ജില്ലയിൽ ചർച്ചയാണ്.
17 ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന കവർന്നത്. ജനുവരി 31ന് തോൽപ്പെട്ടി നരിക്കല്ല് കമ്പിളിക്കാപ്പ് കോളനിയിലെ ലക്ഷ്‌മണൻ കൊല്ലപ്പെട്ടു. ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ കഴിഞ്ഞ 10ന് കാട്ടാന കൊന്നു. ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്. വാകേരി കൂടല്ലൂരിൽ കടുവ യുവാവിനെ കൊന്നുതിന്നു. ജില്ലയിൽ ജീവിതം ഭയാനകമായിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നാട് സ്‌തംഭിച്ചുവെന്നും സി പി എം പറയുന്നു.
പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോഴും പരിഹാരം പൂർണമാകുന്നില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് ജില്ലയിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് സുപ്രധാന തീരുമാനങ്ങളെടുത്തു.
പ്രതിരോധപ്രവർത്തനങ്ങൾക്കായി സിസിഎഫ് റാങ്കിലുള്ള സ്‌പെഷ്യൽ ഓഫീസറെ നിയമിക്കും. കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ എകോപനത്തിന് സംവിധാനമൊരുക്കി. നഷ്‌ടപരിഹാരത്തിനായി 11.5 കോടി രൂപ അനുവദിച്ചു. കൂടുതൽ ആർആർടി സംഘങ്ങളെ നൽകി. 'ബേലൂർ മഖ്‌ന'യെ മയക്കുവെടിവച്ച് പിടിക്കാൻ യുദ്ധകാല പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications