ബിജെപിയുടെ വര്‍ഗീയതയാണ് രാഹുല്‍ സ്വീകരിക്കുന്നത്; രൂപത്തിലും ഭാവത്തിലും അനുകരണമെന്ന് മുഖ്യമന്ത്രി
ഇടുക്കി: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും, രൂപത്തിലും ഭാവത്തിലും രാഹുല്‍ അവരെയാണ് അനുകരിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ബിജെപിയെ നേരിടേണ്ട രീതിയില്‍ നേരിടണം. അല്ലാതെ അവരുടെ അടയാളങ്ങള്‍ സ്വീകരിച്ച് കൊണ്ടും ആശയങ്ങള്‍ ഏറ്റെടുത്തും നേരിടാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു പിണറായി വിജയന്‍ രാഹുലിനെതിരെ രംഗത്തെത്തിയത്. അതേസമയം സിപിഎം സമാഹരിച്ച തുക കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

രാഹുല്‍ ഒരു പദയാത്ര നടത്തുന്നുണ്ട്. കേരളത്തില്‍ 19 ദിവസമാണ് ചെലവിടുന്നത്. ബിജെപിക്ക് എതിരെയാണോ അദ്ദേഹം പദയാത്ര നടത്തുന്നത്. ബിജെപി ശക്തമായി ഉള്ള സ്ഥലത്ത് അദ്ദേഹം എത്ര ദിവസമാണ് ചെലവിടുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസമാണ് ആകെ ചെലവിടുന്നത്.
വിമര്‍ശനം വന്നപ്പോള്‍ അത് നാല് ദിവസമായി വര്‍ധിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. രൂപത്തിലും ഭാവത്തിലും ബിജെപി സ്വീകരിക്കുന്നത് വര്‍ഗീതയതാണ്. കോണ്‍ഗ്രസ് അതിനെ തള്ളാന്‍ തയ്യാറാണോയെന്നും പിണറായി ചോദിച്ചു. കോണ്‍ഗ്രസിലെ എത്ര പേര്‍ക്ക് ബിജെപിയുടെ വര്‍ഗീയതയെ തള്ളാന്‍ കഴിയുമെന്നും പിണറായി ചോദിച്ചു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രക്തസാക്ഷിത്വത്തെ അപമാനിച്ചു. സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി തന്നെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണ് ചെയ്തത്.
നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയില്‍ അരുംകൊല നടത്തിയ ആളുകളെ മഹത്വവത്കരിച്ച് കൊണ്ടുനടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, അഖിലേന്ത്യാ നേതാവ് വരെ തയ്യാറായി. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ യാത്രയില്‍ പ്രതിയെ ഒപ്പം നടത്താന്‍ തയ്യാറായെന്നത് ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. യാതൊരു ദുശീലവും ഇല്ലാത്തയാളായിരുന്നു ധീരജ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ശിഷ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെ സവര്‍ക്കറുടെ ചിത്രം വെക്കാന്‍ സാധിക്കുമെന്ന് പിണറായി ചോദിച്ചു. എത്ര പരിഹാസ്യമായ കാര്യമാണത്. കോണ്‍ഗ്രസിന്റെ മനസ്സ് എവിടെയാണ് എത്തി നില്‍ക്കുന്നത്. ബിജെപിയിലേക്ക് മാറിയ കോണ്‍ഗ്രസുകാര്‍ എത്രയാണ്.
കോണ്‍ഗ്രസിന്റെ നേതൃനിരയുടെ വലിയൊരു ഭാഗം ഇപ്പോള്‍ ബിജെപിയുടെ കൂടെയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാര്‍ട്ടി ഇക്കാലത്തും സ്വീകരിച്ചു. ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനല്‍ കൃത്യം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications