'പരാതിക്കാരെ ആവശ്യമുണ്ട് എന്നൊരു പരസ്യം കൊടുക്കാം, വാലും തുമ്പുമില്ലാത്ത ശബ്ദരേഖ', വിമർശിച്ച് സംവിധായകൻ
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനേയും കേരള പോലീസിനേയും പരിഹസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെ രാജി വെപ്പിക്കാനുളള പണി സർക്കാർ കേരള പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിക്കുന്നു.
സർക്കാരിന്റെ ലക്ഷ്യം രാഹുലെന്ന യുവനേതാവിന്റെ നാവരിയുക എന്നത് മാത്രമായിരുന്നു. ലോകത്ത് എല്ലായിടത്തും പോലീസ് പ്രതികളെ തിരയുമ്പോൾ കേരള പോലീസ് പരാതിക്കാരെ തിരയുകയാണെന്നും സനൽ കുമാർ ശശിധരൻ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കേരളത്തിലെ ഏഭ്യന്തരവകുപ്പ് ജനങ്ങൾക്ക് വേണ്ടിയല്ല ഭരണം നടത്തുന്നത്. അത് രാഷ്ട്രീയ പകപോക്കലുകൾ നടത്താനും പിണറായി വിജയൻ നടത്തുന്ന പകൽ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുമുള്ള വകുപ്പാണ്. ഇത്രയും നഗ്നമായി, പരസ്യമായി ഏതെങ്കിലും കാലത്ത് കേരളത്തിൽ പോലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരുപക്ഷെ സർ സിപിയുടെ കാലത്തുപോലും ഇങ്ങനെ പോലീസ് നാണം കെട്ടരീതിയിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാവില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതിയോ പരാതിക്കാരിയോ വസ്തുനിഷ്ടമെന്ന് പറയാവുന്ന തെളിവുകളോ ഒന്നുമില്ലാതെ വിലകൊടുത്തുവാങ്ങിയ മാധ്യമങ്ങളുടെ ഒരാഴ്ച്ച നീണ്ടുനിന്ന നഗ്നനൃത്തം അയാളുടെ രാജിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ പോലീസിനെത്തന്നെ ഏല്പിച്ചിരിക്കുന്നു ആ പണി. പ്രതി ഒളിവിൽ എന്ന വാർത്തകൾ നാം പലപ്പോഴും കേട്ടിട്ടുണ്ട്. ഇതാദ്യമായി പരാതിക്കാർ ഒളിവിൽ എന്ന ഒരു വാർത്ത തലക്കെട്ടായിക്കൊടുക്കാൻ നേരും നെറിയും നട്ടെല്ലുമുള്ള ഒരു മാധ്യമം കേരളത്തിലുണ്ടായിരുന്നെങ്കിൽ സാധിക്കും, ഇപ്പോൾ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എന്ന് ഒരു ശബ്ദരേഖ വെച്ച് ഒരാഴ്ചയോളം നീണ്ട ചർച്ച നടത്തിയ മാഫിയാ ചാനലിനെതിരെ അതിൽ ജോലിചെയ്തിരുന്ന ഒരു മാധ്യമപ്രവർത്തക പരസ്യമായി പോസ്റ്റിട്ടിട്ടും അതേക്കുറിച്ച് ചാനൽ ചർച്ചയോ പോലീസ് കേസോ ഇല്ല. സിപിഎം ബിജെപി അണികൾക്കും രാഹുലിനെ തൂത്തെറിയാൻ കച്ചകെട്ടിയിറങ്ങിയ കോൺഗ്രസിലെ സ്ത്രീപക്ഷക്കാർക്കും അതൊരു ചർച്ചാ വിഷയമല്ല. ഒന്നും സ്വാഭാവികമല്ല.
ഇന്ന് കേരളത്തിൽ നിലവിലിരിക്കുന്ന മാഫിയാഭരണകൂടത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയിരുന്ന ഒരു യുവനേതാവിന്റെ നാവരിയുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് ദുബായിലേക്ക് പോയതും കാണാതിരിക്കരുത്. ആരും മാഫിയക്കെതിരെ ശബ്ദിക്കരുത്. അത്രമാത്രമേ ലക്ഷ്യമുള്ളൂ. തന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് മഞ്ജുവാര്യർ എന്നോട് പറഞ്ഞത് ഞാൻ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടിട്ട്. അതേക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസിൽ പരാതികൊടുത്തിട്ട് ഇതുവരെ ഒരു എഫ്.ഐ.ആർ പോലും എടുക്കാത്ത പോലീസ് ഇപ്പോൾ പേരും നാളുമില്ലാത്ത, വാലും തുമ്പുമില്ലാത്ത ഒരു ശബ്ദരേഖയുടെ ഉടമസ്ഥയെ തേടി നടക്കുകയാണത്രെ.
തീർച്ചയായും ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് കേരളപ്പൊലീസിന് പിണറായിവിജയൻ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. ലോകത്തെല്ലായിടത്തും പോലീസ് പ്രതികളെ തിരയുമ്പോൾ കേരളത്തിൽ പോലീസ് പരാതിക്കാരെ തിരയുന്നു. പരാതിക്കാരെ ആവശ്യമുണ്ട് എന്നൊരു പരസ്യം മാഫിയാമാധ്യമങ്ങൾക്ക് കൊടുത്ത് ഉദ്ധിഷ്‌ടകാര്യത്തിന് ഉപകാരസ്മരണ നടത്താനുള്ള അവസരം സർക്കാർ നശിപ്പിക്കരുത്. വറ്റിയ ഖജനാവിന്റെ വക്കിൽ ചുരണ്ടിയാൽ ഏതാനും കോടികൾ കിട്ടാതിരിക്കില്ല. ലോകോത്തര കേരളത്തിന് ഒരുപൊൻതൂവൽകൂടി ഇരിക്കട്ടെ!












Click it and Unblock the Notifications