
'സമരവും ചെയ്യും ഫുട്ബോളും കാണും,രണ്ടും രാജീവ് ചന്ദ്രശേഖറിന്റെ ചിലവിലല്ല'; മറുപടി
തിരുവനന്തപുരം: ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ ഖത്തർ ലോക കപ്പ് കാണാൻ പോയതിനെതിരെ സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചതായി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയത്. ഇതില്‍ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളുണ്ടെന്നുമായിരുന്നു വാർത്ത.
ഇപ്പോഴിതാ വിഷയത്തെ കുറിച്ച് പ്രതിവാര പരിപാടിയായ കവർ സ്റ്റോറിയിലും ഈ വിഷയം ചർച്ച ചെയ്യുകയാണ് ഏഷ്യാനെറ്റ്. എന്നാൽ പരിപാടിക്കും അവതാരകയായ മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിനും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പലിലും രാഹുൽ മാങ്കൂട്ടത്തിലും.

'സമരം ചെയ്യേണ്ടപ്പോൾ ഇനിയും സമരം ചെയ്യും.ഫുട്ബോൾ കാണാൻ അവസരം കിട്ടിയാൽ ഇനിയും കാണുകയും ചെയ്യും.
രണ്ടും രാജീവ് ചന്ദ്രശേഖറിന്റെ ചിലവിലല്ല..
ബാക്കി പിന്നെ പറയാം', എന്നാണ് കവർ സ്റ്റോറിയുടെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.രാഹുൽ ഗാന്ധിയെ സിന്ധു സൂര്യകുമാർ ബോഡിഷെയിം ചെയ്തതിനെ ഷാഫി പറമ്പിൽ എംഎൽഎയും താനും വിമർശിച്ചതിന്റെ ചൊരുക്ക് സിന്ധു സൂര്യകുമാറിന് മാറിയിട്ടില്ല എന്ന് വ്യക്തമായെന്നും അതിന് പക്ഷേ പ്രതിവാര പരിപാടിയെ ഉപയോഗിക്കുന്നയത്ര ബാലിശമാകരുത് മാധ്യമപ്രവർത്തനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പോയ വാരത്തിലെ കേരളത്തിനെ പിടിച്ചു കുലുക്കിയ രണ്ട് സംഭവങ്ങൾ വിഴിഞ്ഞം സമരവും, ഞങ്ങളുടെ ഖത്തർ സന്ദർശനവുമായിരുന്നത്രേ! രണ്ടും തുലനം ചെയ്യാവുന്ന വാർത്തകളാണല്ലോ..കവർ സ്‌റ്റോറിയൊക്കെ ചവർ സ്റ്റോറിയായി മാറിയല്ലോ ഇപ്പോൾ..രാഹുൽ ഗാന്ധിയെ സിന്ധു സൂര്യകുമാർ ബോഡിഷെയിം ചെയ്തതിനെ ഷാഫി പറമ്പിൽ MLAയും ഞാനും വിമർശിച്ചതിന്റെ ചൊരുക്ക് ശ്രീമതി സിന്ധുവിന് മാറിയിട്ടില്ല എന്ന് വ്യക്തമായി. അതിന് നിങ്ങളുടെ പ്രതിവാര പരിപാടിയെ ഉപയോഗിക്കുന്നയത്ര ബാലിശമാകരുത് മാധ്യമപ്രവർത്തനം.

നിങ്ങളുടെ കവർ സ്‌റ്റോറിയിൽ, കേരളത്തിൽ സമരം നടന്ന് പ്രവർത്തകർ അടികൊളളുമ്പോൾ ഞങ്ങൾ ഖത്തറിലായിരുന്നുവെന്ന് സ്ഥാപിക്കുവാൻ 'ഇവിടെ ലാത്തിയടി കൊള്ളൽ' അവിടെ 'ഗോളടി കാണൽ' എന്ന് പറഞ്ഞ് കാണിക്കുന്ന വിഷ്വലിൽ ജലപീരങ്കിയേല്ക്കുന്നവരിൽ ശ്രീ ഷാഫി പറമ്പിലും, ഞാനുമെല്ലാമുണ്ട്.
കുത്തിത്തിരിപ്പിനായി കാണിച്ച വീഡിയോയിൽ ഞങ്ങളെ ഒഴിവാക്കാനുള്ള പ്രൊഫഷണലിസം പോലും നിങ്ങൾക്ക് ഇല്ലേ?

പിന്നെ ഏഷ്യാനെറ്റ് പുറത്ത് വിട്ട ഷാഫി പറമ്പിലിനെതിരെയെന്ന ഫ്രം അഡ്രസ്സില്ലാത്ത കത്ത് എഴുതിയത് ശബരിനാഥനാണോ, ഹൈബി ഈഡനാണോ ഞാനാണോയെന്ന കുരുട്ട്ബുദ്ധി ചോദ്യം ചോദിക്കും മുൻപ് ഹൈബി ഈഡൻ യൂത്ത് കോൺഗ്രസ്സ് ഭാരവാഹിയല്ല എന്ന മിനിമം ഹോം വർക്ക് നടത്താമായിരുന്നു. പിന്നെ ധൈര്യമുണ്ടെങ്കിൽ ഏഷ്യാനെറ്റ് ആ കത്തിന്റെ ഫ്രം അഡ്രസ്സ് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നു.

കൂട്ടത്തിൽ ഉള്ളവർക്കെതിരെ മേലധികാരിക്ക് മെയിൽ ചെയ്യുന്ന സ്വഭാവം സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞതാണെങ്കിൽ, എല്ലാവരെയും ആ നുകത്തിൽ കെട്ടരുത്. KPCC പ്രസിഡന്റ് പ്രതിപക്ഷനേതാവിനെതിരെ കത്തെഴുതി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച നിങ്ങൾ ഈ കത്തിനെയും പിതൃശൂന്യകത്തായി ചവറ്റുകൊട്ടയിൽ തള്ളാതെ ഫ്രം അഡ്രസ്സ് പുറത്ത് വിടണം.

എന്തായാലും ഞങ്ങൾ ഖത്തറിൽ പോയപ്പോൾ തൊട്ട് കൂളിംഗ് ഗ്ലാസ്സ് വെച്ചതും, ടീഷർട്ടിട്ടതും തൊട്ട് കളി കണ്ടത് വരെ പുറകെ നടന്ന് വാർത്തയാക്കുന്ന 'അമ്മാവൻ ഓഡിറ്റ്' നടത്തുന്ന ഏഷ്യാനെറ്റിനോട് പറയാനുള്ളത് സമരം ചെയ്യണ്ടപ്പോൾ സമരം ചെയ്യാനും; കളി കാണണ്ടപ്പോൾ കളി കാണാനും ഞങ്ങൾക്കറിയാം. രണ്ടും രാജീവ് ചന്ദ്രശേഖരന്റെ ചിലവിലല്ലാത്തതിനാൽ ഏഷ്യാനെറ്റിന്റെ അനുവാദം വേണ്ട.
BJPയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ പൊട്ടിച്ച് ഓഫീസ് പൂട്ടിയതിന്റെ ചൊറിച്ചിൽ ഷാഫി പറമ്പിലിനോട് രാജീവ് ചന്ദ്രശേഖരന്റെ ചാനലിനു സ്വാഭാവികമായും ഉണ്ടാവും. അത് ചൊറിഞ്ഞ് തന്നെ തീർക്കുക....