'മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്രത്തിൽ മുസ്ലീം മന്ത്രി ഇല്ലാത്തത്'; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്രത്തിൽ മുസ്ലീം മന്ത്രി ഇല്ലാത്തത് അവർ ബിജെപിയ്ക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസന പ്രവർത്തനങ്ങളും മോദി സർക്കാറിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം ശരിയാക്കും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
വെൽഫെയർ പാർട്ടിക്ക് എതിരെ രൂക്ഷ വിമർശനമാണ് ബിജെപി അധ്യക്ഷൻ നടത്തിയത്. 'ഭരണ ഘടന ഞങ്ങളെ നയിക്കുന്നു. ഭരണഘടന കയ്യിൽ പിടിച്ചു വെൽഫെയർ പാർട്ടിക്ക് ഒപ്പം നിൽക്കുന്നത് ബിജെപി എതിർക്കും. ഭരണഘടനക്ക് എതിരെ നിൽക്കുന്ന പാകിസ്ഥാൻ തീവ്രവാദി, വെൽഫയർ പാർട്ടിയെ ബിജെപി എതിർക്കും. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യം വെച്ചിട്ടില്ല.വികസിത കേരളം മുന്നോട്ട് വെച്ചു വോട്ട് ചോദിക്കും. ജനങ്ങൾ വോട്ട് ചെയ്യും' അദ്ദേഹം പറയുന്നു.

കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ഇനി വേണ്ടത് ഒരു ഡബിൾ എഞ്ചിൻ സർക്കാരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളം വികസിക്കുന്നില്ല. വികസിച്ചു എങ്കിൽ വിദ്യാർത്ഥികൾ എന്തിനു പുറത്തു പോകുന്നു? കടം വാങ്ങി കേരളം വികസനം നടത്തുകയാണ്. പണം വക മാറ്റി ചിലവഴിക്കുന്നു. കേരളത്തിൽ എയിംസ് വരും. സ്ഥലം സർക്കാർ തീരുമാനിക്കും. കിനാലൂരിൽ എയിംസ് വരണം എന്ന് എനിക്ക് പറയാൻ ആകില്ലെന്നും എയിംസ് വരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
21,065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നു, തദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രതിനിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാക്കി ഉള്ള സ്ഥലങ്ങളിൽ വരും കാലത്തു മത്സരിക്കും. ഇത് സെമി ഫൈനൽ അല്ല ഫൈനൽ തന്നെയാണ്. വികസനം ഇല്ലായ്‌മ ചർച്ച ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിൽ എതിരില്ലാതെ സിപിഎം ജയിച്ച സംഭവവും എടുത്തുപറഞ്ഞു. ഇനി അങ്ങനെ ഉണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, സംസ്ഥാനത്ത് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപിക്ക് സാധിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത. പല വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കാൻ ഇല്ലെന്നും ആളെ കിട്ടാനില്ലെന്നുമുള്ള വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖർ തന്നെ സ്ഥാനാർത്ഥികളുടെ എണ്ണവുമായി രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications