മാരാര്‍ പറഞ്ഞതല്ല സത്യം.. പിഷാരടി ജോജുവിനെ അപമാനിച്ചില്ല; സംഭവിച്ചത് വ്യക്തമാക്കി ഷോ ഡയറക്ടര്‍
നടനും പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടിക്കെതിരെ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മമ്മൂട്ടി ഷോ ഡയറക്ടര്‍ എന്‍വി അജിത്. ജോജു ജോര്‍ജിനെ മമ്മൂട്ടി ഷോയ്ക്കിടെ പിഷാരടി അപമാനിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ആരോപിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അജിത്.
മമ്മൂട്ടി ഷോയില്‍ വച്ച് നടന്‍ ജോജു ജോര്‍ജിനെ ബോധപൂര്‍വം അപമാനിക്കാനും വേദിയില്‍ കയറ്റാതിരിക്കാനും പിഷാരടി ശ്രമിച്ചു എന്നായിരുന്നു അഖില്‍ മാരാരുടെ ആരോപണം. എന്നാല്‍ ഇത് ശരിയല്ല എന്നും അവിടെ സംഭവിച്ചത് ഒരു ധാരണാപ്പിശക് മാത്രമാണ് എന്നും അജിത് പറയുന്നു. മനോരമ ഓണ്‍ലൈനിനോടായിരുന്നു എന്‍വി അജിതിന്റെ പ്രതികരണം. അബുദാബിയില്‍ ആയിരുന്നു പ്രസ്തുത ഷോ സംഘടിപ്പിച്ചിരുന്നത്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഓരോ പത്തു വര്‍ഷങ്ങളെയും അടയാളപ്പെടുത്തുന്ന രീതിയില്‍ ഓരോ പത്തു വര്‍ഷത്തെയും പ്രതിനിധീകരിച്ച് മലയാള സിനിമയിലെ പ്രമുഖരായ നായകന്മാരെ വേദിയിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു പരിപാടിയുടെ തീം. രമേഷ് പിഷാരടിയായിരുന്നു അവതാരകന്‍. ഇത് പ്രകാരം ജയറാം, കുഞ്ചാക്കോ ബോബന്‍, മുതല്‍ ചന്തു സലിംകുമാര്‍ വരെയുള്ളവരെ ഓരോ പത്തു വര്‍ഷത്തെയും പ്രതിനിധീകരിച്ച് പിഷാരടി സ്റ്റേജിലേക്ക് വിളിച്ചു.
ചന്തു വരുന്നതിനു മുന്‍പ് വരേണ്ടത് നസ്ലിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. പക്ഷെ അന്ന് നസ്‌ലിന് പ്രോഗ്രാമിന് എത്താന്‍ സാധിച്ചില്ല. എല്ലാവര്‍ക്കും ശേഷം മമ്മൂട്ടി കൂടി സ്റ്റേജിലേക്ക് എത്തുന്നതോടെ ഈ സെഗ്മെന്റ് മറ്റൊരു തലത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത് എന്ന് അജിത് പറയുന്നത്. അതിന് ശേഷം മമ്മൂട്ടി തന്നെ നേരിട്ട് ജോജു ജോര്‍ജിനെയും പ്രൊഫ. അലിയാറേയും വേദിയിലേക്ക് ക്ഷണിക്കണം എന്നതായിരുന്നു പദ്ധതി.
ഇതിനായി ജോജു വേദിയുടെ പിന്‍ഭാഗത്ത് എത്തിയിരുന്നു. എന്നാല്‍, പിഷാരടി തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂക്കയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നും സമയത്തിന്റെ അഭാവം മൂലം സംഭവിച്ചതാണ് അത് എന്നും അജിത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്നെ മനഃപൂര്‍വം പിഷാരടി വിളിച്ചില്ല എന്ന തെറ്റിദ്ധാരണയില്‍ ജോജു ക്ഷുഭിതനായി. യഥാര്‍ത്ഥത്തില്‍ മമ്മൂക്ക സ്റ്റേജിലെത്തി ജോജുവിനെ വിളിക്കാനിരിക്കുകയായിരുന്നു എന്ന് അദ്ദേഹത്തിനും അറിയില്ലായിരുന്നു.
തന്നെ മനപൂര്‍വം ഒഴിവാക്കി എന്ന് കരുതി ജോജി ഷോയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു എന്നും അജിത് പറയുന്നു. ഈ സംഭവത്തില്‍ പിഷാരടിക്ക് യാതൊരു പങ്കുമില്ല എന്നും അദ്ദേഹം ഷോ ഡയറക്ടറുടെയും അണിയറ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത് എന്നും അജിത് വ്യക്തമാക്കി. തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചത് തിരഞ്ഞെടുപ്പ് സമയത്ത് പിഷാരടിയെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി അഖില്‍ മാരാര്‍ ഉപയോഗിക്കുകയാണ് എന്നും അജിത് പറഞ്ഞു.












Click it and Unblock the Notifications